ഫ്ലൈദുബായ് സംഭവം; ‘സഹപൈലറ്റ് വിമാനം ഇടിച്ചിറക്കാന്‍ പദ്ധതിയിട്ടു’; അന്വേഷണ വിവരം പുറത്തുവിട്ട് യുഎഇ

News Desk
1 Min Read

ദുബായ്: ദുബായില്‍ നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തില്‍ അക്രമിയായ സഹ പൈലറ്റ് ലക്ഷ്യമിട്ടത് വിമാനം ഇടിച്ചിറക്കാനെന്ന് റിപ്പോര്‍ട്ട്. യുഎഇ ഇത് സംബന്ധിച്ച അന്വേഷണ വിവരം പുറത്തുവിട്ടു.

ഇസ്രയേലിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിലെ ടെര്‍മിനലില്‍ വിമാനം ഇടിച്ചിറക്കി ആക്രമണം നടത്താനായിരുന്നു അക്രമി ലക്ഷ്യമിട്ടതെന്ന് യുഎഇ അറ്റോര്‍ണി ജനറല്‍ വെളിപ്പെടുത്തി. സഹപൈലറ്റിന്റെ നീക്കം പ്രധാന പൈലറ്റ് സ്മിത്ത് മച്ചാര്‍ തടയുകയായിരുന്നു.

2001 സെപ്റ്റംബര്‍ 11ന് അമേരിക്കയില്‍ നടന്ന ഭീകരാക്രമണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പ്രതി പദ്ധതി തയ്യാറാക്കിയതെന്നാണ് യുഎഇ പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ നിഗമനം. ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച അന്വേഷണത്തില്‍ വിമാനത്താവളവും വിമാനപാതയും പരിചയപ്പെടുന്നതിനായി പ്രതി നേരത്തെ രണ്ട് തവണ ടെല്‍ അവീവിലേക്ക് സര്‍വീസ് നടത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

ഇക്കഴിഞ്ഞ സെപ്റ്റംബർ 30-ാം തീയതിയായിരുന്നു സംഭവം നടന്നത്. ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈദുബായ് വിമാനത്തിലായിരുന്നു സംഭവം. വിമാനം ഹൈജാക്ക് ചെയ്‌തുവെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. എന്നാൽ ഇത് ഇസ്രയേൽ തള്ളുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റിട്ടും ഇന്ത്യൻ വംശജനായ ക്യാപ്റ്റന്‍ സ്മിത് മച്ചാര്‍ കാണിച്ച ധീരതയാണ് വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കാരണമായത്. ആക്രമണത്തിനിടയിലും ക്യാപ്റ്റന്‍ കോക്പിറ്റ് തുറക്കാനുള്ള സ്വിച്ച് അമര്‍ത്തുകയായിരുന്നു. ഇതോടെ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും മറ്റ് ജീവനക്കാരും കോക്പിറ്റിലേക്ക് ഇരച്ചുകയറി കോ-പൈലറ്റിനെ കീഴ്പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് ഓഫ് ഡ്യൂട്ടി പൈലറ്റുമാര്‍ ചേര്‍ന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കി. 174 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!