‘ആ പാസ്‌വേർഡ് ഒന്ന് പറഞ്ഞുതരണേ…’; മോഷ്ടിച്ച ഐഫോണിന്റെ പാസ്വേര്‍ഡ് ചോദിച്ച് കള്ളന്റെ സന്ദേശം; കള്ളന്മാര്‍ പഴയതുപോലെ പൊലീസുകാരെ ഭയക്കുന്നില്ലെന്ന് യുവതിയുടെ വെളിപ്പെടുത്തൽ

malayalampress
2 Min Read

ഡെറാഡൂണ്‍: ഏറെ ആഗ്രഹിച്ച് വാങ്ങിയ നിങ്ങളുടെ ഐഫോണ്‍ ഒരാള്‍ തട്ടിപ്പറിച്ചുകൊണ്ടുപോയാല്‍ എങ്ങനെയുണ്ടാകും? ഫോണ്‍ നഷ്ടപ്പെട്ട സങ്കടത്തിനിടയില്‍, ആ ഫോണിന്റെ പാസ്വേഡ് ചോദിച്ചുകൊണ്ട് മോഷ്ടാവ് തന്നെ നിരന്തരം മെസ്സേജ് അയക്കുക കൂടി ചെയ്താലോ? അല്പം അവിശ്വസനീയമായി തോന്നുമെങ്കിലും ഡെറാഡൂണ്‍ സ്വദേശിനി കൗശിഖി ധ്യാനിയ്ക്കാണ് രസകരവും എന്നാല്‍ ഏറെ വിഷമകരവുമായ ഈ അനുഭവമുണ്ടായത്. ഫോണ്‍ നഷ്ടപ്പെട്ടതിന്റെ സങ്കടവും പാസ്വേഡ് ചോദിച്ചെത്തിയ കള്ളന്റെ സന്ദേശവും കണ്ട് സമ്മിശ്രവികാരങ്ങളോടെ കൗശിഖി പങ്കുവെച്ച വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാണ്.

ഡെറാഡൂണിലെ ക്ലെമന്റ് ടൗണിലുള്ള സണ്‍ഷൈന്‍ എന്‍ക്ലേവിലെ താമസക്കാരിയായ കൗശിഖിയുടെയും സഹോദരന്റെയും ഫോണുകള്‍ കഴിഞ്ഞ സെപ്റ്റംബര്‍ 12-നാണ് മോഷണം പോയത്. ഫോണ്‍ നഷ്ടപ്പെട്ട ഉടന്‍ തന്നെ ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്റെ പുതിയ ഫോണിലേക്ക് വാട്‌സ്ആപ്പിലൂടെയും എസ്എംഎസ് വഴിയും നിരന്തരം സന്ദേശങ്ങള്‍ എത്തുവാന്‍ തുടങ്ങി. ‘ആ പാസ്വേഡ് ഒന്ന് പറഞ്ഞുതരണേ…’ എന്ന ഒരൊറ്റ ആവശ്യമായിരുന്നു എല്ലാ സന്ദേശങ്ങളിലും ഉണ്ടായിരുന്നത്. സന്ദേശങ്ങള്‍ക്കൊപ്പം ഐഫോണ്‍ സ്‌ക്രീനില്‍ തെളിഞ്ഞ കോണ്‍ടാക്റ്റ് നമ്പര്‍ കണ്ടാണ് മോഷ്ടാവ് തങ്ങളുമായി ബന്ധപ്പെട്ടതെന്നും ഇവര്‍ വ്യക്തമാക്കുന്നു.

അല്പസമയത്തെ ചാറ്റുകള്‍ കൊണ്ട് തന്നെ തന്റെ ഫോണ്‍ മോഷ്ടിച്ച ആള്‍ തന്നെയാണ് പാസ്വേഡ് ആവശ്യപ്പെട്ടുകൊണ്ട് സന്ദേശങ്ങള്‍ അയക്കുന്നതെന്ന് കൗശിഖിക്ക് ബോധ്യമായി. രാത്രി 10 മണിയോടെ സന്ദേശങ്ങള്‍ ലഭിച്ചയുടന്‍ തന്നെ പൊലീസിനെ സമീപിച്ചെങ്കിലും അടുത്ത ദിവസം രാവിലെ വരാന്‍ പറഞ്ഞുകൊണ്ട് ഉദ്യോഗസ്ഥര്‍ തങ്ങളെ മടക്കി അയക്കുകയായിരുന്നെന്ന് കൗശിഖി ആരോപിക്കുന്നു. മോഷ്ടാവിന്റെ സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍, സിസിടിവി ദൃശ്യങ്ങള്‍, സംശയമുള്ളയാളുടെ ചിത്രം എന്നിവയെല്ലാം കൃത്യമായി പൊലീസിന് കൈമാറിയിട്ടും കാര്യക്ഷമമായ നടപടിയൊന്നുമുണ്ടായില്ല.

പ്രദേശത്ത് ലക്ഷക്കണക്കിന് രൂപയുടെ ലാപ്‌ടോപ്പുകളും മാക്ബുക്കുകളും മൊബൈല്‍ ഫോണുകളും സമാനരീതിയില്‍ മോഷണം പോയിട്ടുണ്ടെന്നും പൊലീസ് പരാതികള്‍ വേണ്ടത്ര ഗൗരവത്തില്‍ എടുക്കുന്നില്ലെന്നും യുവതി കുറ്റപ്പെടുത്തി. ‘കള്ളന്മാര്‍ പഴയതുപോലെ പൊലീസുകാരെ ഭയക്കുന്നില്ല. ഉത്തരാഖണ്ഡ് പൊലീസിന് അവരെ നിലക്ക് നിര്‍ത്താനോ പിടികൂടാനോ കഴിയുമെന്ന് തോന്നുന്നില്ല. കൃത്യമായ തെളിവുകള്‍ നിരത്തിയിട്ടും അര്‍ഹിച്ച രീതിയില്‍ അവരെന്റെ കേസ് കൈകാര്യം ചെയ്തില്ല. ഇതെന്നെ വല്ലാതെ വിഷമിപ്പിച്ചു,’ എന്ന് കൗശിഖി അമര്‍ഷത്തോടെ കൂട്ടിച്ചേര്‍ത്തു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article