- ശിക്ഷ പൊതുസ്ഥലത്ത് വച്ച തന്നെ നടപ്പിലാക്കുമെന്നും പീറ്റ് ഹെഗ്സെത്ത്
വാഷിങ്ടണ്‍: 90 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അമേരിക്കയില്‍ നടപ്പാക്കാന്‍ പോകുന്ന ഒരു പരസ്യ വധശിക്ഷയാണ് ഇപ്പോള്‍ ആഗോളതലത്തില്‍ വന്‍ ചര്‍ച്ചയായിരിക്കുന്നത്. 2009-ല്‍ നിരായുധരായ 13 യു.എസ് സൈനികരുടെ മരണത്തിനും മുപ്പതിലേറെ പേരുടെ പരിക്കിനും കാരണക്കാരനായ ഫോര്‍ട്ട് ഹൂഡ് വെടിവെപ്പ് കേസ് പ്രതിയും മുന്‍ സൈനിക മേജറുമായ നിദാല്‍ മാലിക് ഹസന്റെ വധശിക്ഷയാണ് ചരിത്രത്തിലില്ലാത്തവിധം നടപ്പിലാക്കുന്നത്. വെടിവെപ്പ് നടന്ന ടെക്സാസിലെ ഫോര്‍ട്ട് ഹൂഡ് സൈനിക താവളത്തില്‍ വെച്ചുതന്നെ ഡിസംബര്‍ മൂന്നിനാണ് ശിക്ഷ നടപ്പിലാക്കുകയെന്ന് പെന്റഗണ്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ഈ വധശിക്ഷ പൊതുജനങ്ങള്‍ക്ക് നേരിട്ട് കാണാനായി തത്സമയം സംപ്രേക്ഷണം ചെയ്യുമെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് വ്യക്തമാക്കി. ഇത്തരം ദാരുണമായ ഭീകരാക്രമണങ്ങളും കുറ്റകൃത്യങ്ങളും ചെയ്യുന്നവര്‍ക്ക് കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് പൊതുസമൂഹത്തെയും ലോകത്തെയും ബോധ്യപ്പെടുത്താനാണ് ഈ നീക്കമെന്ന് റിയല്‍ അമേരിക്കാസ് വോയ്സ് പോഡ്കാസ്റ്റില്‍ ഹെഗ്സെത്ത് പറഞ്ഞു.
‘കൊലപാതകം നടത്തിയത് സേനയിലെ തന്നെ ഒരു മേജറാണ്. ഭീകരവാദിയുടെ ആ ആസൂത്രിത ആക്രമണത്തില്‍ 13 നിരപരാധികളായ സൈനികര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അതിനാല്‍ ഇയാളുടെ ശിക്ഷ പൊതുസ്ഥലത്ത് വെച്ചുതന്നെ നടപ്പിലാക്കും,’ ഹെഗ്സെത്ത് കൂട്ടിച്ചേര്‍ത്തു. വധശിക്ഷ നടപ്പാക്കുന്നതിനായി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒക്ടോബര്‍ രണ്ടിന് ഉത്തരവില്‍ ഒപ്പുവെച്ചിരുന്നു.
ഡിസംബര്‍ മൂന്നിന് ഇയാള്‍ കുറ്റകൃത്യം ചെയ്ത അതേ സമയമായ ഉച്ചയ്ക്ക് ഒരു മണിയോടെയായിരിക്കും ശിക്ഷ നടപ്പിലാക്കുക. ഫയറിങ് സ്‌ക്വാഡ് ഉപയോഗിച്ചായിരിക്കും വധശിക്ഷ. ഒന്നിലധികം സൈനികര്‍ ഒരേസമയം റൈഫിളുകള്‍ ഉപയോഗിച്ച് വെടിയുതിര്‍ത്ത് വധശിക്ഷ നടപ്പാക്കുന്ന രീതയാണിത്. 65 വര്‍ഷത്തിനിടയിലെ ആദ്യത്തെ അമേരിക്കന്‍ സൈനിക വധശിക്ഷയും ഒരു നൂറ്റാണ്ടിനിടയിലെ ആദ്യ പരസ്യ വധശിക്ഷയുമായിരിക്കും ഇതെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു.
2009 നവംബര്‍ അഞ്ചിനാണ് അമേരിക്കന്‍ സൈനിക ചരിത്രത്തിലെ ഏറ്റവും മാരകമായ ആ ആഭ്യന്തര ഭീകരാക്രമണം നടന്നത്. ആര്‍മി സൈക്യാട്രിസ്റ്റായിരുന്ന മേജര്‍ നിദാല്‍ ഹസന്‍, പ്രതിരോധ കുത്തിവയ്പ്പുകള്‍ക്കും മെഡിക്കല്‍ പരിശോധനകള്‍ക്കുമായി നിരന്നുനിന്ന സ്വന്തം സഹപ്രവര്‍ത്തകര്‍ക്ക് നേരെ ക്രൂരമായി വെടിയുതിര്‍ക്കുകയായിരുന്നു. അഫ്ഗാനിസ്ഥാനിലേക്ക് പോകുന്നതില്‍ നിന്നും മുസ്ലിംകളെ കൊന്നൊടുക്കുന്നതില്‍ നിന്നും അവരെ തടയാനുള്ള ജിഹാദിന്റെ ഭാഗമായാണ് താനിത് ചെയ്തതെന്ന് ഇയാള്‍ പിന്നീട് സമ്മതിച്ചു.
വിചാരണ വേളയില്‍ അഭിഭാഷകരെ ഒഴിവാക്കി സ്വന്തമായി വാദിച്ച ഹസന്‍, താനാണ് വെടിയുതിര്‍ത്തതെന്ന് തുറന്നു സമ്മതിച്ചിരുന്നു. സൈന്യം 90-ഓളം സാക്ഷികളെ വിസ്തരിച്ചെങ്കിലും പ്രതിരോധത്തിനായി ഒരാളെപ്പോലും ഹാജരാക്കാന്‍ ഇയാള്‍ തയ്യാറായില്ല. ആക്രമണത്തിനിടെ നിയമപാലകരുടെ വെടിയേറ്റ് അരയ്ക്ക് താഴേക്ക് തളര്‍ന്ന ഇയാള്‍ നിലവില്‍ വീല്‍ചെയറിലാണ് കഴിയുന്നത്. 2013-ലാണ് സൈനിക കോടതി ഇയാള്‍ക്ക് മരണശിക്ഷ വിധിച്ചത്.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യു.എസ് സൈന്യം ഫയറിങ് സ്‌ക്വാഡ് വഴി ഒരു സൈനികനെ വധിച്ചിട്ടില്ലെന്ന് ഹെഗ്സെത്ത് ചൂണ്ടിക്കാട്ടി. ആര്‍മി പ്രൈവറ്റ് ജോണ്‍ ബെന്നറ്റിനെ തൂക്കിലേറ്റിക്കൊണ്ട് 1961 ഏപ്രില്‍ 13-നാണ് അമേരിക്ക അവസാനമായി ഒരു സൈനിക വധശിക്ഷ നടപ്പിലാക്കിയത്. ഹസന്റെ അവസാന ആഗ്രഹങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ അതൊന്നും കാര്യമാക്കുന്നില്ലെന്നും ഡിസംബര്‍ മൂന്നിന് അയാളെ വധിക്കുമെന്നും ഹെഗ്സെത്ത് പ്രതികരിച്ചു.
അമേരിക്കയില്‍ ഔദ്യോഗികമായി നടന്ന അവസാനത്തെ പരസ്യ വധശിക്ഷ 1936 ഓഗസ്റ്റ് 14-നാണ് അരങ്ങേറിയത്. കെന്റക്കിയിലെ ഓവന്‍സ്ബൊറോയില്‍ 70-കാരിയെ പീഡിപ്പിച്ച കുറ്റത്തിന് റെയ്‌നി ബെഥിയെന്ന 22-കാരനെ ഇരുപതിനായിരത്തോളം ആളുകള്‍ നോക്കിനില്‍ക്കെ തൂക്കിലേറ്റുകയായിരുന്നു. അതിനുശേഷം യു.എസില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും ഇരകളുടെ ബന്ധുക്കള്‍ക്കും മാത്രമാണ് വധശിക്ഷ കാണാന്‍ അനുമതിയുണ്ടായിരുന്നത്.
ലോകരാജ്യങ്ങളുടെ കണക്കെടുത്താല്‍, ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ വിവരപ്രകാരം കഴിഞ്ഞ വര്‍ഷം 17 രാജ്യങ്ങളിലായി 2,700-ലധികം വധശിക്ഷകള്‍ നടപ്പാക്കിയെങ്കിലും അപൂര്‍വ്വം രാജ്യങ്ങള്‍ മാത്രമാണ് അവ പൊതുമധ്യത്തില്‍ നടത്തിയത്. ഇറാനില്‍ 11-ഉം അഫ്ഗാനിസ്ഥാനില്‍ ആറും പരസ്യ വധശിക്ഷകള്‍ നടന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
