സൂഫിസവുമായി ബന്ധപ്പെട്ട് മരുമകൾ ശബ്നം നൂർജഹാൻ ഉയർത്തിയ വിവാദങ്ങളിൽ പ്രതികരണവുമായി ഹുസൈൻ മടവൂർ രംഗത്ത് 

malayalampress
2 Min Read

കോഴിക്കോട്: സൂഫിസവുമായി ബന്ധപ്പെട്ട് ശബ്നം നൂർജഹാൻ ഉയർത്തിയ വിവാദങ്ങളിൽ പ്രതികരണവുമായി മുജാഹിദ് നേതാവ് ഡോ. ഹുസൈൻ മടവൂർ. തന്റെ മരുമകൾ കൂടിയായ ശബ്നം നൂർജഹാൻ ഉയർത്തിയ അഭിപ്രായങ്ങൾ ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണെന്നും അവർ തന്റെ മരുമകൾ ആയതിനാൽ എന്നെയും ഇതുമായി ബന്ധപ്പെടുത്തി ചിലർ പരാമർശിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് പ്രതികരണം നടത്തുന്നതെന്നും ഹുസൈൻ മടവൂർ വ്യക്തമാക്കി.

ഇതുസംബന്ധിച്ച തന്റെ ആദ്യത്തെയും അവസാനത്തെയും പ്രതികരണമാണിതെന്നും എന്റെ വിശ്വാസത്തിലും ബോധ്യങ്ങളിലും സംഘടനാപരമായ നിലപാടുകളിലും ഞാൻ എന്നും ഉറച്ചുനിന്നിട്ടുണ്ടെന്നും മടവൂർ വ്യക്തമാക്കി. അതോടൊപ്പം, അഭിപ്രായവ്യത്യാസമുള്ള വ്യക്തികളോടും സംഘടനകളോടും മറ്റു മതവിശ്വാസികളോടും സൗഹൃദവും സഹിഷ്ണുതയും പുലർത്തണമെന്നും വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ അഭിപ്രായവ്യത്യാസം ശത്രുതയായി മാറേണ്ടതില്ല.

“മതത്തിൽ നിർബന്ധമില്ല”, “നീ ഉദ്ബോധകൻ മാത്രമാണ്; അവരുടെ മേൽ അധികാരം ചെലുത്തുന്നവനല്ല”, “നിങ്ങൾക്ക് നിങ്ങളുടെ മതം; എനിക്ക് എന്റെ മതം” , വിശുദ്ധ ഖുർആന്റെ ഈ സന്ദേശങ്ങൾ എന്റെ സമീപനത്തെ വ്യക്തമായി പ്രതിഫലിപ്പിക്കുന്നവയാണ്. പൊതുമണ്ഡലത്തിൽ ഞാൻ സ്വീകരിച്ചുവന്ന ഇതേ സമീപനം തന്നെയാണ് കുടുംബജീവിതത്തിലും പിന്തുടരുന്നത്.

മക്കളോടായാലും മരുമക്കളോടായാലും എനിക്ക് ശരിയെന്ന് ബോധ്യമുള്ള കാര്യങ്ങൾ ഞാൻ പറയാറുണ്ട്; ആവശ്യമായ ഉപദേശങ്ങൾ നൽകാറുമുണ്ട്. ഈ വിഷയത്തിലും എന്റെ ബാധ്യത ഞാൻ നിർവഹിച്ചിട്ടുണ്ട്. ഇനിയും അത് തുടരുകയും ചെയ്യും. അതിനുള്ള നല്ല അന്തരീക്ഷം നിലനിർത്തിയിട്ടുമുണ്ടെന്നും മടവൂർ അറിയിച്ചു.

‘മതവിശ്വാസങ്ങളെ പരിഹസിക്കുന്നു’; ശബ്‌നം നൂര്‍ജഹാനെതിരെ പരാതിയുമായി മുജാഹിദ് വിദ്യാര്‍ത്ഥി സംഘടനകള്‍

കോഴിക്കോട്: സൂഫി എഴുത്തുകാരിയും ഫാറൂഖ് കോളേജ് അധ്യാപികയുമായ ശബ്‌നം നൂര്‍ജഹാനെതിരെ മുജാഹിദ് വിദ്യാര്‍ഥി സംഘടനകള്‍ രംഗത്ത്. വ്യക്തിപരമായ ആശയങ്ങള്‍ ശബ്‌നം അടിച്ചേല്‍പിക്കുന്നുവെന്നാണ് ആരോപണം. വിദ്യാര്‍ത്ഥികളുടെ മതവിശ്വാസങ്ങളെ പരിഹസിക്കുന്നു. പരലോകവും സ്വര്‍ഗവും നരകവും കെട്ടുകഥകളെന്ന് പറയുന്നു. നിഖാബ് ധരിച്ച വിദ്യാര്‍ത്ഥിയെ ക്ലാസില്‍ ചോദ്യം ചെയ്തുവെന്നും മുജാഹിദ് വിദ്യാര്‍ത്ഥി സംഘടനകള്‍ ആരോപിച്ചു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പ്രിന്‍സിപ്പലിന് വിദ്യാര്‍ഥികള്‍ പരാതി നല്‍കി.

ശാസ്ത്രപഠനത്തിനൊപ്പം നിരീശ്വരവാദം അടിച്ചേല്‍പ്പിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു. അധ്യാപികയുടെ നിലപാടുകള്‍ മാനസിക സമ്മര്‍ദ്ദമുണ്ടാക്കി. ഇന്റേണല്‍ മാര്‍ക്കിനെ ഭയന്ന് പരാതി പറയാന്‍ മടിച്ചു. അധ്യാപികയ്‌ക്കെതിരെ ഉചിതമായ നടപടി വേണമെന്നും ആവശ്യമുണ്ട്.

‘നൂറെ റൂമി’ എന്ന പേരില്‍ സംഘടിപ്പിച്ച ആധ്യാത്മിക സംഗമം വിവാദമായതിന് പിന്നാലെയാണ് ശബ്‌നത്തിനെതിരെ പരാതിയുമായി മുജാഹിദ് വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്തെത്തിയത്. സൂഫി ആധ്യാത്മിക പരിപാടികള്‍ സംഘടിപ്പിക്കുന്നതിന്റെ പേരില്‍ കടുത്ത വ്യക്തിഹത്യയും വിദ്വേഷ പ്രചാരണവും നേരിടുന്നുണ്ട് ശബ്‌നം. ‘കാമില: റൂമിയുടെ പ്രണയി’ എന്ന പേരില്‍ രചിച്ച പുസ്തകത്തില്‍ മതനിഷേധമുണ്ടെന്ന് ആരോപിച്ച് ജുമുഅ ഖുതുബയില്‍ പരസ്യമായി അവഹേളിച്ചുവെന്ന് നേരത്തേ ശബ്‌നം ആരോപിച്ചിരുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!