ഹൂതികൾക്കെതിരെ ആക്രമണത്തിന് പാക് യുദ്ധവിമാനങ്ങളും, റിയാദിനെ വിടാതെ മിസൈലുകൾ അയച്ച് ഹൂതികളും; സഊദിയിലെ പ്രവാസികൾക്ക് മുന്നറിയിപ്പുമായി ഇന്ത്യ, ജാഗ്രത പാലിക്കാൻ നിർദേശം 

malayalampress
2 Min Read

റിയാദ്: യമനിലെ ഹൂതികൾക്കെതിരെ സഊദി അറേബ്യയുടെ നേതൃത്വത്തിൽ സഖ്യസേനയുടെ ആക്രമണം രൂക്ഷമായി തുടരുന്നു. ഇതിൽ പങ്കാളികളാകാൻ മക്ക കാരറിന്റെ ഭാഗമായി പാക് സേനയും ചേർന്നു. ഹൂത്തികൾക്കെതിരായ വ്യോമാക്രമണങ്ങളിൽ പാകിസ്ഥാൻ യുദ്ധവിമാനങ്ങളും പങ്കാളികളാകുന്നതായി മുതിർന്ന പാകിസ്ഥാൻ സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ‘ന്യൂയോർക്ക് ടൈംസ്’ റിപ്പോർട്ട് ചെയ്തു.

പാക് യുദ്ധ വ്യോമ നീക്കം

യെമനിലേക്ക് നേരിട്ട് കരസേനയെ അയക്കാതെ, ഹൂത്തികളുടെ മിസൈൽ ഡ്രോൺ ഭീഷണികളെ പ്രതിരോധിക്കാനുള്ള വ്യോമ പിന്തുണ നൽകുന്നതിലാണ് പാകിസ്ഥാന്റെ ഇടപെടലെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. അതേസമയം, സഊദിയുടെ പ്രതിരോധ നീക്കങ്ങളെ എങ്ങനെ പിന്തുണയ്ക്കണമെന്ന കാര്യത്തിൽ ‘മക്ക പ്രതിരോധ സഖ്യ’ത്തിന്റെ സൈനിക സമിതികൾ പഠനം നടത്തുകയാണെന്ന് തുർക്കി വിദേശകാര്യ മന്ത്രി ഹാകാൻ ഫിദാൻ അറിയിച്ചു. അങ്കാറയിൽ ഹംഗേറിയൻ വിദേശകാര്യ മന്ത്രി അനിത ഓർബനൊപ്പം നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

റിയാദിനെ പിന്തുടർന്ന് ഹൂതികൾ

അതിനിടെ, സഊദി അറേബ്യക്ക് നേരെ ഹൂതികളും ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. തലസ്ഥാന നഗരിയായ റിയാദിനെ ലക്ഷ്യമാക്കി നിരവധി തവണയാണ് ഹൂതികൾ മിസൈലുകൾ അയച്ചത്. റിയാദിൽ വ്യാഴാഴ്ചയും നിരവധി തവണ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി വാർത്താ ഏജൻസികളും വ്യക്തമാക്കി. അവശിഷ്ടങ്ങൾ പതിച്ച് ആശുപത്രിക്കും കിന്റർ ഗാർട്ടനും കേടുപാടുകൾ പറ്റി. റിയാദ് വിമാനത്താവളത്തിൽ വിമാന സര്‍വീസുകള്‍ആകെ താളം തെറ്റി, 169 ഡിപ്പാര്‍ച്ചര്‍ സര്‍വീസുകള്‍ റദ്ദാക്കി. കൂടാതെ, പല വിദേശവിമാന കമ്പനികളും തങ്ങളുടെ റിയാദ് സർവ്വീസ് റദ്ദ് ചെയ്യുകയോ നീട്ടി വെക്കുകയോ ചെയ്തു.

ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രത നിർദേശം, മുന്നറിയിപ്പ്

അതേസമയം, നിലവിലെ സാഹചര്യത്തിൽ സഊദി അറേബ്യയിലെ ഇന്ത്യൻ പൗരന്മാർ കടുത്ത ജാഗ്രത പാലിക്കണമെന്നും അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കി സുരക്ഷിതമായി ഇരിക്കണമെന്നും റിയാദിലെ ഇന്ത്യൻ എംബസി നിർദ്ദേശം നൽകി. പ്രാദേശിക അധികാരികളും ഭരണകൂടവും ഔദ്യോഗിക മാർഗ്ഗങ്ങളിലൂടെ പുറപ്പെടുവിക്കുന്ന സുരക്ഷാ ഉപദേശങ്ങളും നിർദ്ദേശങ്ങളും കൃത്യമായി പാലിക്കാൻ എംബസി പ്രവാസികളോട് അഭ്യർത്ഥിച്ചു. സമകാലിക സംഭവങ്ങളുമായി ബന്ധപ്പെട്ട വീഡിയോകൾ, അനാവശ്യ സന്ദേശങ്ങൾ അല്ലെങ്കിൽ വാർത്തകൾ എന്നിവ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നതിൽ നിന്നും വീണ്ടും പോസ്റ്റ് ചെയ്യുന്നതിൽ നിന്നും പൂർണ്ണമായും വിട്ടുനിൽക്കണമെന്ന് എംബസി പ്രത്യേകമായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വിമാന യാത്രക്കാർ ശ്രദ്ധിക്കുക

അതേസമയം, റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുമ്പ് യാത്രക്കാർ അവരുടെ വിമാനക്കമ്പനികളുമായി നേരിട്ട് ബന്ധപ്പെടണമെന്നും വിമാന സർവീസ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും എയർപോർട്ട് അഡ്മിനിസ്ട്രേഷൻ അഭ്യർഥിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article