ന്യൂഡൽഹി: കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഉള്ളടക്കങ്ങൾക്കെതിരെ നടപടി ശക്തമാക്കി മെറ്റ. 2026 ജനുവരി മുതൽ ജൂൺ വരെയുള്ള ആറ് മാസത്തിനിടെ ഇന്ത്യയിൽ മാത്രം ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലുമായി കുട്ടികൾക്കെതിരായ അതിക്രമങ്ങൾ ഉൾപ്പെട്ട 53 ലക്ഷം ഉള്ളടക്കങ്ങൾക്കെതിരെ നടപടിയെടുത്തതായി മെറ്റ വ്യക്തമാക്കി.
ഇതിൽ 98 ശതമാനത്തിലധികം ഉള്ളടക്കങ്ങളും ഉപയോക്താക്കൾ പരാതിപ്പെടുന്നതിന് മുൻപ് തന്നെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സംവിധാനങ്ങൾ വഴി സ്വമേധയാ കണ്ടെത്തി നീക്കം ചെയ്തവയാണെന്നും കമ്പനി അറിയിച്ചു. ആഗോളതലത്തിൽ ഇക്കാലയളവിൽ 3.32 കോടി (33.2 ദശലക്ഷം) ഉള്ളടക്കങ്ങൾക്കെതിരെയാണ് മെറ്റ നടപടി സ്വീകരിച്ചത്. ഇതിൽ 97 ശതമാനവും സ്വന്തം നിലയിൽ മുൻകൂട്ടി കണ്ടെത്തുകയായിരുന്നു.
ഒറ്റനോട്ടത്തിൽ നിരുപദ്രവകരമെന്ന് തോന്നുന്ന പരസ്യങ്ങൾ വഴി ആളുകളെ പ്ലാറ്റ്ഫോമിന് പുറത്തുള്ള നിയമവിരുദ്ധ ഉള്ളടക്കങ്ങളിലേക്ക് ആകർഷിക്കുന്ന തന്ത്രങ്ങൾ (സൈൻപോസ്റ്റിങ്) തടയാൻ പുതിയ ലാർജ് ലാംഗ്വേജ് മോഡൽ (LLM) സാങ്കേതികവിദ്യ വിന്യസിച്ചിട്ടുണ്ട്. പരസ്യങ്ങളിലെ ഉള്ളടക്കങ്ങൾക്കൊപ്പം അവ ഉപയോക്താക്കളെ കൊണ്ടുപോകുന്ന ബാഹ്യ വെബ്സൈറ്റ് ലിങ്കുകളും പരിശോധിക്കാൻ പുതിയ സംവിധാനങ്ങൾക്ക് സാധിക്കും.
സുരക്ഷാ വീഴ്ചകൾ മുൻകൂട്ടി കണ്ടെത്താൻ ‘റെഡ്-ടീമിംഗ്’ എഐ ഏജന്റുകളെയും, അക്കൗണ്ടുകൾ റദ്ദാക്കപ്പെട്ട ശേഷം വീണ്ടും വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കുന്ന കുറ്റവാളികളെ തിരിച്ചറിയാനുള്ള നിരീക്ഷണ സംവിധാനങ്ങളും കമ്പനി സജ്ജമാക്കിയിട്ടുണ്ട്. 2011 മുതൽ ഉപയോഗിക്കുന്ന ‘ഫോട്ടോ ഡിഎൻഎ’, ഹാഷിങ് ഡാറ്റാബേസ് എന്നിവ വഴി സമാന ദൃശ്യങ്ങൾ മറ്റ് പ്ലാറ്റ്ഫോമുകളിലും ഷെയർ ചെയ്യപ്പെടുന്നത് തടയാൻ ‘ടെക് കൊയലിഷന്റെ ലാന്റേൺ’ പ്രോഗ്രാം വഴിയും വിവരങ്ങൾ കൈമാറുന്നുണ്ട്.
ഇത്തരം കേസുകളിൽ വേട്ടക്കാരുടെ വ്യക്തിഗത അക്കൗണ്ടുകൾക്ക് പുറമെ അവരുടെ പൂർണ ശൃംഖലയെത്തന്നെ ലക്ഷ്യമിട്ടാണ് അന്വേഷണം നടത്തുന്നത്. നിലവിൽ വിവരങ്ങൾ യുഎസിലെ ‘നാഷണൽ സെന്റർ ഫോർ മിസ്സിങ് ആൻഡ് എക്സ്പ്ലോയിറ്റഡ് ചിൽഡ്രൻ’ (NCMEC) വഴി കൈമാറുന്നതിന് പുറമെ, ഇന്ത്യയിലെ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ (I4C) കൈകാര്യം ചെയ്യുന്ന ‘നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിലേക്ക്’ (cybercrime.gov.in) നേരിട്ട് പരാതികൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയതായും മെറ്റ കൂട്ടിച്ചേർത്തു.
….
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
