റഷ്യ – യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ സജീവമായി ഇടപെടുന്നു: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

News Desk
2 Min Read

ദില്ലി: റഷ്യ – യുക്രൈൻ യുദ്ധത്തിൽ സമാധാനം കൊണ്ടുവരാൻ ഇന്ത്യ ഇപ്പോൾ കൂടുതൽ സജീവമായി ഇടപെടുകയാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ.

വെറുതെ സമാധാനത്തിന് ആഹ്വാനം ചെയ്യുക മാത്രമല്ല, റഷ്യയും യുക്രൈനും തമ്മിൽ ചില സുപ്രധാന കരാറുകളിൽ എത്താൻ ഇന്ത്യ മുൻകൈ എടുക്കുന്നുണ്ടെന്നും എസ് ജയശങ്കർ വെളിപ്പെടുത്തി. മ്യൂണിക്ക് ലീഡേഴ്സ് മീറ്റിംഗിൽ സംസാരിക്കവെയായിരുന്നു വിദേശകാര്യ മന്ത്രിയുടെ വെളിപ്പെടുത്തൽ.

ഇന്ത്യയും റഷ്യയും തമ്മിലുള്ളത് വർഷങ്ങളുടെ പഴക്കമുള്ള ബന്ധമാണെന്ന് ജയശങ്കർ പറഞ്ഞു. “1950കൾ മുതൽ ഇന്ത്യയും റഷ്യയും തമ്മിൽ വളരെ നല്ല ബന്ധമാണുള്ളത്. ആ ചരിത്രം നമുക്ക് മറക്കാനാകില്ല. നമ്മുടെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഭീഷണി നേരിട്ട സമയത്ത് സോവിയറ്റ് യൂണിയൻ നമുക്കൊപ്പം നിന്നു. ലോകരാജ്യങ്ങൾ പലതും നമ്മുടെ അയൽപക്കത്തെ സൈനിക ഭരണകൂടത്തെ പിന്തുണച്ചപ്പോൾ, റഷ്യ മാത്രമാണ് നമ്മളോട് നല്ല ബന്ധം പുലർത്തിയത്. ആ പാരമ്പര്യം നമ്മുടെ ബന്ധത്തെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്.

ഇന്ന് ഈ ബന്ധം ഒരുപാട് വികസിച്ചു. ഇതൊരു സാമ്പത്തിക ബന്ധം കൂടിയാണ്. സൈനികം, ആണവം, ബഹിരാകാശം എന്നീ മേഖലകൾക്ക് പുറമെ ഇരു രാജ്യങ്ങളും തമ്മിൽ വലിയ തോതിൽ വ്യാപാരവും നിക്ഷേപവും നടക്കുന്നുണ്ട്. ഊർജ്ജ മേഖലയിലും ഈ സഹകരണം ശക്തമാണ്. ഇന്ത്യയുടെ അനുഭവം എപ്പോഴും വളരെ പോസിറ്റീവ് ആണ്.”

റഷ്യയും യുക്രൈനും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ ഇന്ത്യ ഇപ്പോൾ നേരിട്ട് തന്നെ ചർച്ചകൾക്ക് വഴിയൊരുക്കുകയാണെന്ന് ജയശങ്കർ പറഞ്ഞു. “വളരെ നിർഭാഗ്യകരമായ ഒരു യുദ്ധമാണ് നമ്മൾ ഇന്ന് കാണുന്നത്. ഈ യുദ്ധം അവസാനിക്കണം എന്നതാണ് നമ്മുടെ നിലപാട്. അതിന് ചർച്ചകളും നയതന്ത്ര ഇടപെടലുകളും ആവശ്യമാണ്.

കഴിഞ്ഞ കുറേ വർഷങ്ങളായി നമ്മൾ ഇക്കാര്യം പറയുന്നുണ്ട്. എന്നാൽ അടുത്ത കാലത്തായി നമ്മൾ കുറച്ചുകൂടി സജീവമായി ഇതിൽ ഇടപെടുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് റഷ്യയുമായും യുക്രൈനുമായും നമ്മൾ സംസാരിക്കുന്നുണ്ട്. കരിങ്കടലിലെ കപ്പൽ യാത്രയുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ തുടങ്ങി, ധാന്യ-ഊർജ്ജ കയറ്റുമതി, പരസ്പരം ആക്രമിക്കാതിരിക്കാനുള്ള സാധ്യതകൾ എന്നിവയിലെല്ലാം ഇരു രാജ്യങ്ങൾക്കുമുള്ള ആശങ്കകൾ പരിഹരിക്കാൻ നമ്മൾ ശ്രമിക്കുകയാണ്. ഈ ചർച്ചകൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്”- എസ് ജയശങ്കർ വ്യക്തമാക്കി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!