പട്‌ന: ‘ദൃശ്യം മോഡൽ’ എന്ന ലേബലിൽ നിരവധി കൊലപാതക വാർത്തകൾ കാണാറുണ്ട്. ഇതിൽ ഏറ്റവും ഒടുവിലത്തേതാണ് തിയേറ്ററിൽപോയി ദൃശ്യം-3 കണ്ടതിന് പിന്നാലെ 2,000 കിലോമീറ്ററോളം യാത്ര ചെയ്‌തെത്തി പിതാവിനെ കൊലപ്പെടുത്തിയ ഒരു യുവാവിന്റെ വാർത്ത.
ഗുജറാത്തിലെ സൂറത്തിൽനിന്ന് ബിഹാറിലെ സമസ്തിപുരിലെത്തിയാണ് യുവാവ് ഉറങ്ങിക്കിടന്ന പിതാവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം കടന്നുകളഞ്ഞത്.
ജൂലൈ 26-ന് രാത്രി ബിഹാറിലെ സമസ്തിപുർ ജില്ലയിലെ ദർവ ഗ്രാമത്തിലാണ് കൊലപാതകം നടന്നത്. വീടിന് പുറത്ത് ഉറങ്ങുകയായിരുന്ന 50 വയസ്സുകാരനായ രഘുവീർ സാഹ്നിയെ 26 വയസ്സുള്ള മകൻ ശിവ് ശങ്കർ കോടാലി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് ഞായറാഴ്ച പറഞ്ഞു.
സൂറത്തിലെ തിയേറ്ററിൽനിന്ന് അടുത്തിടെ റിലീസ് ചെയ്ത ബോളിവുഡ് ക്രൈം ത്രില്ലർ ‘ദൃശ്യം 3’ കണ്ട ശേഷമാണ് ശിവ് ശങ്കർ സമസ്തിപുരിലുള്ള തന്റെ വീട്ടിലേക്ക് 2,000 കിലോമീറ്ററോളം യാത്രചെയ്‌തെത്തി കൊലപാതകം നടത്തിയത്. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തശേഷം ഉറങ്ങിക്കിടന്ന പിതാവിനെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
തെളിവുകളെല്ലാം നശിപ്പിച്ചുവെന്ന വിശ്വാസത്തിൽ സൂറത്തിലേക്ക് മടക്കയാത്ര ആരംഭിച്ചെങ്കിലും, ഭാര്യയെ വിളിച്ച ഒറ്റ ഫോൺ കോൾ അതുവരെ നടന്ന കൃത്യമായി ആസൂത്രണത്തെ പൊളിച്ചു.
സൂറത്തിൽ താമസിച്ച് ജോലിചെയ്തുവരികയായിരുന്ന ശിവ് ശങ്കർ, പിതാവുമായി നല്ല ബന്ധത്തിലായിരുന്നില്ലെന്നും കൊലപാതകം ആസൂത്രണം ചെയ്തശേഷമാണ് സമസ്തിപുരിലേക്ക് എത്തിയതെന്നും പോലീസ് വ്യക്തമാക്കി. കുടുംബസ്വത്തായ സ്ഥലത്തെ ചൊല്ലി ശിവ് ശങ്കർ പിതാവുമായി പലതവണ വഴക്കിട്ടിരുന്നു. ഇതാണ് കൊലപാതകം നടത്താൻ ഇയാളെ പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്.
ഒരു കൊലപാതകത്തിന് ശേഷം വ്യാജ തെളിവുകളുണ്ടാക്കി കുടുംബത്തെ സംരക്ഷിക്കാൻ ശ്രമിക്കുന്ന ഒരാളുടെ കഥയാണ് ദൃശ്യം സിനിമയിൽ പറയുന്നത്. സമാനമായി, തന്റെ പിതാവിന്റെ കൊലപാതകം ആസൂത്രണം ചെയ്യുകയും ഡിജിറ്റൽ തെളിവുകൾ ഒഴിവാക്കുകയും ചെയ്യുന്നതിന് ശിവ് ശങ്കർ ‘ദൃശ്യം’ സിനിമയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടതായി പോലീസ് പറഞ്ഞു.
സൂറത്തിൽനിന്ന് സമസ്തിപുരിലേക്ക്
പോലീസ് നൽകുന്ന വിവരം അനുസരിച്ച്, ശിവ് ശങ്കർ പിതാവുമായി കടുത്ത ശത്രുതയിലായിരുന്നു. പിതാവ് തന്നെയും ഭാര്യയെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായു ഇയാൾ ആരോപിക്കുന്നു. കുടുംബസ്വത്ത് വിൽക്കുന്നതിനെച്ചൊല്ലിയും അച്ഛനും മകനും തമ്മിൽ ഇടയ്ക്കിടെ തർക്കമുണ്ടായിരുന്നു.
ജോലിക്കായി ഭാര്യയോടൊപ്പം സൂറത്തിലേക്ക് താമസം മാറിയതായിരുന്നു ശിവ് ശങ്കർ. സൂറത്തിലെ തിയേറ്ററിൽവെച്ച് ‘ദൃശ്യം-3’ കണ്ടശേഷമാണ് നാട്ടിലേക്ക് മടങ്ങിപ്പോയി പിതാവിനെ കൊലപ്പെടുത്താൻ ഇയാൾ തീരുമാനിച്ചതെന്ന് പോലീസ് പറഞ്ഞു. യാത്ര ആരംഭിക്കുന്നതിന് മുമ്പ് ഇയാൾ തന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നു.
ചോദ്യം ചെയ്യലിൽ, ഇയാൾ ആദ്യം പട്‌നയിലും തുടർന്ന് ഹാജിപുരിലും എത്തിയതായി പോലീസ് മനസ്സിലാക്കി. അവിടെനിന്ന് തീവണ്ടി കയറി വൈകുന്നേരത്തോടെ പട്ടോറി റെയിൽവേ സ്റ്റേഷനിലിറങ്ങി. തുടർന്ന് ഒരു ഓട്ടോറിക്ഷയിലും പിന്നീട് നാല് കിലോമീറ്ററോളം നടന്നുമാണ് ഇയാൾ ഗ്രാമത്തിലെത്തിയത്. അർദ്ധരാത്രിയോടെ വീട്ടിലെത്തിയ ഇയാൾ പിൻവാതിലിലൂടെ അകത്തുകടന്നു.
വീട്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന കോടാലിയെടുത്ത്, വീടിന്റെ മുൻവശത്ത് ഉറങ്ങിക്കിടന്നിരുന്ന പിതാവിനെ ഇയാൾ വെട്ടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ രഘുവീർ സംഭവസ്ഥലത്തുതന്നെ മരിച്ചു. കൊലപാതകത്തിന് ശേഷം കോടാലി അവിടെത്തന്നെ ഉപേക്ഷിച്ച് ശിവ് ശങ്കർ പട്ടോറി റെയിൽവേ സ്റ്റേഷനിലേക്ക് മടങ്ങി.
ശിവ് ശങ്കറിനെ കുടുക്കിയ ഒരു പിഴവ്
റെയിൽവേ സ്റ്റേഷനിൽവെച്ചാണ് ശിവ് ശങ്കറിന്റെ പദ്ധതികൾ പാളിയതെന്ന് പട്ടോറി ഡി.എസ്.പി. ബി.കെ. മേഘാവി പറഞ്ഞു. യാത്രയിലുടനീളം സ്വിച്ച് ഓഫ് ചെയ്തു വെച്ചിരുന്ന ഫോൺ, പട്ടോറി റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ ഇയാൾ ഓൺ ചെയ്യുകയും ഭാര്യയെ വിളിക്കുകയും ചെയ്തു. സംസാരിച്ച ഉടൻതന്നെ വീണ്ടും സ്വിച്ച് ഓഫ് ആക്കി. എന്നാൽ ഇത് അന്വേഷണ ഉദ്യോഗസ്ഥർക്ക് നിർണായക വഴിത്തിരിവായി മാറുകയായിരുന്നു.
പിതാവിന്റെ സംസ്‌കാരച്ചടങ്ങിൽ ശിവ് ശങ്കർ പങ്കെടുക്കാതിരുന്നത് പോലീസിന് നേരത്തെ തന്നെ സംശയത്തിനിടയാക്കിയിരുന്നു. തുടർന്ന് നടത്തിയ സൈബർ നിരീക്ഷണത്തിൽ കൊലപാതകം നടന്ന ദിവസം ഇയാളുടെ മൊബൈൽ ഫോൺ പട്ടോറി സ്റ്റേഷൻ പരിധിയിലുണ്ടായിരുന്നതായും ഏകദേശം 36 മണിക്കൂറിന് ശേഷം സൂറത്തിൽ ഓണായതായും കണ്ടെത്തി.
ഫോണിന്റെ കോൾ റെക്കോർഡുകൾ പരിശോധിച്ച അന്വേഷണസംഘം പട്ടോറിയിൽവെച്ച് ഭാര്യയുമായി സംസാരിച്ച വിവരവും സ്ഥിരീകരിച്ചു. തുടർന്ന് ശിവ് ശങ്കറിനെ സൂറത്തിൽവെച്ച് കണ്ടെത്തുകയും കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ചോദ്യംചെയ്യലിൽ, ‘ദൃശ്യം’ സിനിമ കണ്ട ശേഷമാണ് താൻ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് ശിവ് ശങ്കർ സമ്മതിച്ചു.
അതേസമയം, സംഭവസ്ഥലത്തെത്തിയ ഫോറൻസിക് ടീം വിശദമായ പരിശോധന നടത്തി. രഘുവീറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയയ്ക്കുകയും വീട്ടിൽ നിന്ന് തെളിവുകൾ ശേഖരിക്കുകയും ചെയ്തു. കൊല്ലപ്പെട്ടയാളുമായി അടുത്ത ബന്ധമുള്ള അല്ലെങ്കിൽ പരിചയമുള്ള ആരോ ആണ് കൊലപാതകത്തിന് പിന്നിലെന്ന് ഫോറൻസിക് പരിശോധനാ ഫലങ്ങൾ സൂചിപ്പിച്ചത് അന്വേഷണം കൃത്യമായ വഴിയിലേക്ക് എത്തിക്കാൻ സഹായിച്ചതായി പോലീസ് പറഞ്ഞു. പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
