ലഷ്കർ ഭീകരൻ ഹാഷിം മൂസയെ വധിച്ച് ഇന്ത്യ; തെറ്റെന്ന് തെളിയിക്കാൻ അപരനെ ഹാജരാക്കി പാക്കിസ്ഥാന്റെ നാടകം

News Desk
1 Min Read

ന്യൂഡൽഹി: ലഷ്കർ ഭീകരനെ ഇന്ത്യ വധിച്ചതിനു പിന്നാലെ ഭീകരന്റെ അപരനെ മാധ്യമങ്ങൾക്ക് മുന്നിലെത്തിച്ച് പാക്കിസ്ഥാന്റെ നാടകം. കഴിഞ്ഞദിവസം ഇന്ത്യൻ സൈന്യം വധിച്ച, ലഷ്കറെ തയിബ ഭീകരൻ മുഹമ്മദ് ആസിഫിന്റെ (ഹാഷിം മൂസ) അപരനെയാണ് ഇന്ത്യയുടെ വാദം ‘തെറ്റാണ്’ എന്ന് തെളിയിക്കാനായി പാക്കിസ്ഥാൻ വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ചത്. എന്നാൽ വന്നത് ‘വ്യാജ ആസിഫ്’ ആണെന്ന് തെളിഞ്ഞതോടെ പാക്കിസ്ഥാൻ വീണ്ടും നാണംകെട്ടു.

ബുധനാഴ്ച ജമ്മുകശ്മീരിലെ ബുഡ്ഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ ഹാഷിം മൂസയെന്ന മുഹമ്മദ് ആസിഫിനെ വധിച്ചതായി സൈന്യം അറിയിച്ചത്. ഇതിനു പിന്നാലെ, വ്യാഴാഴ്ച ആസിഫിന്റെ അപരനൊപ്പം പാക്കിസ്ഥാൻ സൈന്യത്തിന്റെ മാധ്യമ വിഭാഗമായ ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് (ഐഎസ്പിആർ) ഡിജി അഹമ്മദ് ഷരീഫ് ചൗധരി വാർത്താസമ്മേളനത്തിനെത്തിയത്. താനാണ് മുഹമ്മദ് ആസിഫ് എന്ന് സ്വയം പരിചയപ്പെടുത്തിയ വ്യക്തി താൻ പാക്കിസ്ഥാൻ സ്പെഷൽ സർവീസ് ഗ്രൂപ്പിൽനിന്ന് 2023ൽ വിരമിച്ച ആളാണെന്നും അവകാശപ്പെട്ടു.

‘2005ൽ ഞാൻ എസ്എസ്ജിയിൽ ചേർന്നു. 18 വർഷം ജോലി ചെയ്തു. 2023ൽ വിരമിച്ചു. ഞാൻ ജീവിച്ചിരിക്കുന്നുണ്ട്. ഇപ്പോൾ നിങ്ങൾക്കു മുന്നിൽ എന്നെ പരിചയപ്പെടുത്തുന്നു.’–വാർത്താസമ്മേളനത്തിൽ ആസിഫിന്റെ അപരൻ പറഞ്ഞു.

എന്നാൽ, വാർത്താസമ്മേളനത്തിനെത്തിയ വ്യക്തിയുടെയും യഥാർഥ മുഹമ്മദ് ആസിഫിന്റെയും ചിത്രങ്ങൾ താരതമ്യം ചെയ്ത് ചെവി, മൂക്ക്, കണ്ണ് എന്നിവയടക്കമുള്ള മുഖത്തിന്റെ സവിശേഷതകൾ ഇഴകീറി പരിശോധിച്ച വിദഗ്ധർ പാക്കിസ്ഥാൻ ഹാജരാക്കിയത് അപരനെയാണെന്ന് തെളിയിച്ചു. പാക്കിസ്ഥാൻ പതിവ് നാടകവുമായി രംഗത്തെത്തിയെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രതികരണം.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!