ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ സാധാരണ രോഗങ്ങൾക്കുള്ള ചികിത്സയ്ക്കായി ആശുപത്രികളെ സമീപിച്ച ഡസൻകണക്കിന് കുട്ടികൾക്ക് എച്ച്ഐവി ബാധിച്ചതായി ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സാധാരണ പനിക്കും മറ്റ് അസുഖങ്ങൾക്കും ചികിത്സ തേടിയ കുട്ടികൾക്ക് മാസങ്ങൾക്ക് ശേഷം നടത്തിയ പരിശോധനയിലാണ് എച്ച്ഐവി പോസിറ്റീവാണെന്ന് കണ്ടെത്തിയത്.
രാജ്യാന്തര മാധ്യമമായ എൻപിആർ ആണ് പാക്കിസ്ഥാനിലെ ആരോഗ്യരംഗത്തെ നടുക്കിയ ഗുരുതര സുരക്ഷാവീഴ്ച പുറത്തുവിട്ടത്. കുട്ടികൾക്ക് എച്ച്ഐവി ബാധിക്കാൻ മറ്റ് യാതൊരു സാഹചര്യവുമില്ലെന്നും ആശുപത്രിയിലെ ചികിത്സ മാത്രമാണ് ഇതിന് കാരണമെന്നും മാതാപിതാക്കൾ ആരോപിക്കുന്നു.
ആശുപത്രികളിൽ കുത്തിവയ്പ്പിനായും ഐവി ഡ്രിപ്പുകൾക്കായും ഉപയോഗിക്കുന്ന സിറിഞ്ചുകളും സൂചികളും ഒരു കുട്ടിക്കെന്ന പോലെ മറ്റുള്ളവർക്കും വീണ്ടും ആവർത്തിച്ച് ഉപയോഗിച്ചതാണ് വൻ ദുരന്തത്തിന് കാരണമായതെന്ന് മാതാപിതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു. ആശുപത്രികളിലെ അടിസ്ഥാന അണുബാധ നിയന്ത്രണ സംവിധാനങ്ങളുടെ കടുത്ത പരാജയമാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്.
ആശുപത്രി അധികൃതരുടെ അനാസ്ഥ കാരണം നിലവിൽ എച്ച്ഐവി ബാധിതരായ കുട്ടികളിൽ ആറ് പേർ ഇതിനോടകം മരണപ്പെട്ടു. ബാക്കിയുള്ള കുട്ടികൾ ജീവിതകാലം മുഴുവൻ കടുത്ത മെഡിക്കൽ നിരീക്ഷണങ്ങൾക്ക് വിധേയരാകേണ്ട അവസ്ഥയിലാണ്. മനുഷ്യന്റെ രോഗപ്രതിരോധ ശേഷിയെ പൂർണമായി തകർക്കുന്ന എച്ച്ഐവിക്ക് നിലവിൽ പൂർണമായ പ്രതിവിധികളൊന്നുമില്ല. എങ്കിലും ആന്റി റിട്രോവൈറൽ ചികിത്സയിലൂടെ വൈറസിനെ നിയന്ത്രിച്ചു നിർത്താനും രോഗിയുടെ ആയുസ് വർധിപ്പിക്കാനും സാധിക്കും. സാധാരണക്കാരായ കുടുംബങ്ങൾക്ക് കുട്ടികളുടെ രോഗനിർണയം കനത്ത സാമ്പത്തിക-സാമൂഹിക പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
മരുന്നുകളുടെ കനത്ത ചെലവ്, നിരന്തരമായ ആശുപത്രി സന്ദർശനം എന്നിവയ്ക്ക് പുറമെ സമൂഹത്തിൽ നിന്നും നേരിടേണ്ടി വരുന്ന കടുത്ത ഒറ്റപ്പെടലും ഇവരെ വല്ലാതെ ഭയപ്പെടുത്തുന്നു. യാതൊരുവിധ മുൻകൂർ രോഗസാധ്യതകളും ഇല്ലാത്ത തങ്ങളുടെ കുഞ്ഞുങ്ങൾക്ക് എങ്ങനെയാണ് ഈ മാരക വൈറസ് ബാധിച്ചതെന്ന് കണ്ടെത്താൻ ആരോഗ്യവകുപ്പ് ഉന്നതതല അന്വേഷണം നടത്തണമെന്നും അനാസ്ഥ കാണിച്ച ആശുപത്രികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മാതാപിതാക്കളും മനുഷ്യാവകാശ പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
