മക്കക്ക് സമീപം ഹൂതികളുടെ ഡ്രോൺ ആക്രമണം: കടുത്ത ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ

News Desk
1 Min Read

ന്യൂഡൽഹി: മക്കയ്ക്ക് സമീപമുണ്ടായ ഹൂതി ഡ്രോൺ ആക്രമണത്തെ (Drone Attack) ഇന്ത്യ ശക്തമായി അപലപിച്ചു. ലോകമെമ്പാടുമുള്ള മുസ്ലിംകൾക്ക് ഏറെ പ്രാധാന്യമുള്ള വിശുദ്ധ നഗരത്തിന് സമീപം ഇത്തരമൊരു സംഭവം നടന്നതിൽ കടുത്ത ആശങ്കയുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി.

സഊദി അറേബ്യയുടെ പ്രാദേശിക പരമാധികാരത്തിന്മേലുള്ള ആക്രമണങ്ങളെയും സിവിലിയന്മാരുടെ ജീവനും അടിസ്ഥാന സൗകര്യങ്ങൾക്കും ഭീഷണിയാകുന്ന നടപടികളെയും ഇന്ത്യ ശക്തമായി എതിർക്കുന്നുവെന്നും പ്രദേശത്ത് സമാധാനവും സ്ഥിരതയും വേഗത്തിൽ പുനഃസ്ഥാപിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ച മക്കയുടെ തെക്കുഭാഗത്ത് വെച്ച് അതിർത്തി ലംഘിക്കാൻ ശ്രമിച്ച ഹൂതി ഡ്രോൺ വ്യോമസേന തടഞ്ഞു നിർത്തി നശിപ്പിച്ചതായി സഊദി അറേബ്യ അറിയിച്ചിരുന്നു. വിശുദ്ധ സ്ഥലങ്ങളുടെയും തീർത്ഥാടകരുടെയും സുരക്ഷ സഊദിയുടെ റെഡ് ലൈൻ (Red Line) ആണെന്ന് സഊദി സൈനിക വക്താവ് തുർക്കി അൽ മാൽക്കി മുന്നറിയിപ്പ് നൽകി. എന്നാൽ മക്കയെ ലക്ഷ്യമിട്ടെന്ന വാർത്തകൾ ഹൂതി വക്താവ് ഹാസിം അൽ അസദ് നിഷേധിക്കുകയും ഇത് കള്ളപ്രചാരണമാണെന്ന് ആരോപിക്കുകയും ചെയ്തു.

ഈ ആക്രമണ ഭീഷണിക്ക് പുറമെ ചെങ്കടലിലും പ്രവിശ്യയിലും ഹൂതി ആക്രമണങ്ങൾ ശക്തമായത് സഊദിക്ക് വലിയ സമ്മർദ്ദമുണ്ടാക്കുന്നുണ്ട്. ഹോർമുസ് കടലിടുക്കിലെ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തുന്ന നീക്കങ്ങളും ആശങ്ക വർദ്ധിപ്പിക്കുന്നു. ആക്രമണങ്ങളെ തുടർന്ന് പ്രധാന സഊദി എണ്ണ പൈപ്പ് ലൈൻ ആഴ്ചകളായി അടഞ്ഞുകിടക്കുന്നതും എണ്ണ കയറ്റുമതിയെ ബാധിച്ചിട്ടുണ്ട്.

….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!