അറബിക്കടലിൽ ഇന്ത്യൻ യുദ്ധക്കപ്പലുമായി പാക് കപ്പൽ കൂട്ടിയിടിച്ചു: പാക് നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യ

News Desk
1 Min Read

ന്യൂഡൽഹി: അറബിക്കടലിൽ പതിവ് നിരീക്ഷണത്തിലായിരുന്ന ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുമായി പാകിസ്താൻ നാവികസേനയുടെ കപ്പൽ കൂട്ടിയിടിച്ചു. സംഭവത്തിൽ പാകിസ്താന്റെ നയതന്ത്രജ്ഞൻ സാദ് അഹമ്മദിനെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി കടുത്ത പ്രതിഷേധം അറിയിച്ചു.

അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ വെച്ച് നടന്ന ഈ സംഭവം പാകിസ്താൻ നാവികസേനയുടെ ഭാഗത്തുനിന്നുണ്ടായ അംഗീകരിക്കാനാകാത്തതും അനാസ്ഥ നിറഞ്ഞതുമായ പെരുമാറ്റമാണെന്ന് ഇന്ത്യ വ്യക്തമാക്കി.

ചൊവ്വാഴ്ച വൈകുന്നേരം, ഒമാന് ഏകദേശം 220 കിലോമീറ്റർ കിഴക്ക് അറബിക്കടലിൽ വെച്ചാണ് സംഭവം നടന്നത്. അമിതവേഗത്തിലെത്തിയ പാകിസ്താൻ കപ്പൽ സുരക്ഷിതമല്ലാത്ത രീതിയിൽ നീങ്ങി ഇന്ത്യൻ യുദ്ധക്കപ്പലുമായി ഉരസി കടന്നുപോവുകയായിരുന്നു. സംഭവത്തിൽ വലിയ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.

സൈനികാഭ്യാസങ്ങളും നീക്കങ്ങളും മുൻകൂട്ടി അറിയിക്കുന്നത് സംബന്ധിച്ച് 1991-ൽ ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടാക്കിയ കരാറിലെ ആർട്ടിക്കിൾ 10-ന്റെ നേരിട്ടുള്ള ലംഘനമാണ് പാക് കപ്പലിന്റെ ഈ നീക്കമെന്ന് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാണിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാ സൈനിക വിഭാഗങ്ങളും ജാഗ്രത പാലിക്കണമെന്നും കരാർ വ്യവസ്ഥകൾ മാനിച്ച് പ്രവർത്തിക്കണമെന്നും പാകിസ്താൻ അധികൃതരെ അറിയിക്കാൻ നയതന്ത്രജ്ഞനോട് ഇന്ത്യ ആവശ്യപ്പെട്ടു. ഇതോടൊപ്പം പാകിസ്താനിലുള്ള ഇന്ത്യൻ നയതന്ത്രജ്ഞനോടും പാക് വിദേശകാര്യ മന്ത്രാലയത്തോട് സമാനമായ പ്രതിഷേധം രേഖപ്പെടുത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

അപകടത്തിൽപ്പെട്ട കപ്പലുകൾ ഏത് തരത്തിലുള്ളതാണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തിനുശേഷം ഇരു കപ്പലുകളും സ്ഥലത്തുനിന്ന് മാറ്റിയിട്ടുണ്ട്. 2011 ജൂണിലും പാകിസ്താൻ നാവികസേനയുടെ ‘ബാബർ’ എന്ന കപ്പൽ ഇന്ത്യൻ നാവികസേനയുടെ ‘ഗോദാവരി’ എന്ന കപ്പലുമായി കൂട്ടിയിടിച്ചിരുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!