‘ജീവനോടെ ചുട്ടുകൊല്ലാൻ ശ്രമിച്ചു’,​ ഇൻഫ്ലുവൻസറുടെ മരണത്തിൽ നിർണായക വഴിത്തിരിവ്

News Desk
1 Min Read

ചണ്ഡിഗഢ്: പഞ്ചാബി സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ മൻജീത് കൗറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ നിർണായക വഴിത്തിരിവ്. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലിരിക്കെ മൻജീത് ചിത്രീകരിച്ചതായി കരുതുന്ന വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നത്.

തന്നെ ജീവനോടെ കത്തിക്കാൻ ശ്രമിച്ചത് ആരൊക്കെയാണെന്നും വീഡിയോയിൽ യുവതി പറയുന്നുണ്ട്.ജൂലായ് നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗുരുതരമായി പൊള്ളലേറ്റ മൻജീത് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. മൂന്ന് മാസത്തോളം മരണത്തോട് മല്ലിട്ട ശേഷം ഓഗസ്റ്റ് 26നാണ് മ‌ൻജിത് മരിച്ചത്. ‘ഇപ്പോൾ നിങ്ങൾ കാണുന്ന എന്റെ അവസ്ഥയ്ക്ക് കാരണം സുർജിത്തും ശുഭിയും നേഹയും ശുഭിക്കൊപ്പമുണ്ടായിരുന്ന രണ്ട് പുരുഷന്മാരുമാണ്.

ഇവരെല്ലാം ചേർന്നാണ് എന്നെ തീകൊളുത്തിയത്. എന്നോട് ഇത് ചെയ്തവർക്ക് എത്രയും വേഗം ശിക്ഷ നൽകണമെന്ന് അധികൃതരോട് അഭ്യർത്ഥിക്കുന്നു,’-മൻജീത് വീഡിയോയിൽ പറയുന്നു.പിണ്ഡ സെക്ടർ 34ലേക്ക് മൻജീതിനെ ആരോ വിളിച്ചുവരുത്തിയതായാണ് പൊലീസ് പറയുന്നത്.

തുടർന്ന് നാലുപേർ ചേർന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് ആരോപണം. പിന്നീട് വിജനമായ പ്രദേശത്തെത്തിച്ച് മരത്തിൽ കെട്ടിയശേഷം ജീവനോടെ തീകൊളുത്തിയതായും അന്വേഷണത്തിൽ പറയുന്നു. സംഘം സ്ഥലത്തുനിന്ന് പോയതിന് പിന്നാലെ ഇവരിലൊരാൾ തിരികെയെത്തി മൻജീതിനെ കമ്പിളിപ്പുതപ്പുകൊണ്ട് മൂടി തീ അണച്ചശേഷം ആശുപത്രിയിലെത്തിച്ചതായും പൊലീസ് പറയുന്നു.

ഗുരുതരമായി പൊള്ളലേറ്റ മൻജീതിനെ ആദ്യം ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഭേദമായില്ല. തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി വിവിധ ആശുപത്രികളിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയ്ക്കിടെയാണ് കേസിൽ നിർണായകമായേക്കാവുന്ന വീഡിയോ ചിത്രീകരിച്ചതെന്നാണ് വിവരം.

മൻജീതിന്റെ മരണത്തിന് പിന്നാലെ ചണ്ഡിഗഢ് പൊലീസ് അന്വേഷണം ഊർജിതമാക്കി.പുറത്തുവന്ന വീഡിയോയുടെ ആധികാരികതയും ചിത്രീകരിച്ച സ്ഥലവും പൊലീസ് പരിശോധിച്ചുവരികയാണ്. വീഡിയോയിൽ മൻജീത് ഉന്നയിക്കുന്ന ആരോപണങ്ങളുടെ വസ്തുതയും അന്വേഷണ സംഘം പരിശോധിക്കും. സംഭവത്തിൽ ഉൾപ്പെട്ടവരെ കണ്ടെത്തുന്നതിനും കുറ്റകൃത്യത്തിന്റെ സാഹചര്യങ്ങൾ വ്യക്തമാക്കുന്നതിനുമുള്ള അന്വേഷണം തുടരുകയാണ്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!