ന്യൂഡൽഹി: സോഷ്യൽ മീഡിയയിലെ അനൗദ്യോഗിക ക്ലാസ് ഗ്രൂപ്പുകൾ ഒഴിവാക്കാൻ വിദ്യാർഥികൾക്ക് നിർദ്ദേശം നൽകി ജാമിയ മില്ലിയ ഇസ്ലാമിയ. അക്കാദമിക് സംബന്ധമായ വിവരങ്ങൾ ഔദ്യോഗിക ഗ്രൂപ്പുകൾ വഴി മാത്രം പങ്കുവെക്കണമെന്നും ഉത്തരവിൽ പറയുന്നു. ഫാക്കൽറ്റി ഡീനുകൾ, ഡിപ്പാർട്ട്‌മെന്റ് തലവന്മാർ, സെന്റർ ഡയറക്ടർമാർ എന്നിവർക്ക് ഇത് ഉറപ്പാക്കാൻ സർവ്വകലാശാല നിർദ്ദേശം നൽകിയിട്ടുണ്ട്.
2025 സെപ്റ്റംബർ 15-ന് പുറപ്പെടുവിച്ച നയം വീണ്ടും ഓർമ്മിപ്പിച്ചുകൊണ്ടാണ് സർവ്വകലാശാല പുതിയ നോട്ടീസ് ഇറക്കിയിരിക്കുന്നത്. വിദ്യാർഥികൾ അംഗങ്ങളായ അനൗദ്യോഗിക സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ പലപ്പോഴും തർക്കങ്ങൾക്കും വ്യക്തിപരമായ അധിക്ഷേപങ്ങൾക്കും വഴിതുറക്കുന്നുണ്ടെന്നും അശ്ലീലമോ അപകീർത്തികരമോ ആയ ഉള്ളടക്കങ്ങൾ പങ്കുവെക്കാൻ ഉപയോഗിക്കുന്നുണ്ടെന്നും ഉത്തരവിൽ പറയുന്നു.
2026-27 അക്കാദമിക് വർഷത്തെ സ്‌പോട്ട് അഡ്മിഷൻ നടപടികളിലെ അപാകതകൾ ആരോപിച്ച് ജാമിയ മില്ലിയ ഇസ്ലാമിയയിൽ വിദ്യാർഥി സംഘടനകൾ സമരം നടത്തുന്നതിനിടെയാണ് നടപടി. പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെയുള്ള സസ്‌പെൻഷനും ക്യാമ്പസ് വിലക്കും പിൻവലിക്കണമെന്നും സുതാര്യമായ അന്വേഷണം നടത്തണമെന്നും വിദ്യാർത്ഥി സംഘടനകൾ ആവശ്യപ്പെടുന്നുണ്ട്.
പുതിയ നയത്തിന്റെ പ്രധാന വിവരങ്ങൾ:
ഔദ്യോഗിക ഗ്രൂപ്പുകൾ: അക്കാദമിക് ആവശ്യങ്ങൾക്കായി ഓരോ ബാച്ചിനും പ്രത്യേക ഔദ്യോഗിക ഗ്രൂപ്പുകൾ ഉണ്ടാകും.
അഡ്മിൻ എഡിറ്റിങ്: ക്ലാസ് പ്രതിനിധി (ക്ലാസ് റെപ്രസെന്റേറ്റീവ്) ആയിരിക്കും ഗ്രൂപ്പിന്റെ അഡ്മിൻ.
അധ്യാപകരുടെ സാന്നിധ്യം: നിർദ്ദേശിക്കപ്പെട്ട ഒരു അധ്യാപകനെ ഗ്രൂപ്പിൽ ഉൾപ്പെടുത്തും.
മേൽനോട്ടം: പഠന കാര്യങ്ങൾ മാത്രം പങ്കുവെക്കുന്നുണ്ടെന്നും അനുചിതമോ അശ്ലീലമോ ആയ വിവരങ്ങൾ പ്രചരിക്കുന്നില്ലെന്നും ഉറപ്പുവരുത്തേണ്ട ചുമതല അധ്യാപകർക്കായിരിക്കും.
……
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
