ശ്രീനഗർ : ജമ്മു കശ്മീരിലെ ശ്രീനഗർ വിമാനത്താവളത്തിൽ അപകടം. പാർക്കിങ്ങിനിടെ ഇൻഡിഗോ വിമാനം തൂണിലിടിച്ചു. നവി മുംബൈയിൽ നിന്ന് ശ്രീനഗറിലെത്തിയ വിമാനമാണ് അപകടത്തിൽപ്പെട്ടത്. വെള്ളി രാവിലെ ഒമ്പതോടെയാണ് സംഭവം. 6E 225 ഇൻഡിഗോ വിമാനം ബേ നമ്പർ 6ൽ പാർക്ക് ചെയ്യുന്നതിനിടെ വിഷ്വൽ ഡോക്കിംഗ് ഗൈഡൻസ് സിസ്റ്റം (വിഡിജിഎസ്) പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തൂൺ ഒരു വശത്തേക്ക് ചരിഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. വിമാനത്തിന്റെ മുൻഭാഗം തൂണിൽ ഇടിച്ച് നിൽക്കുന്നതും തൂൺ ഒരു ഭാഗത്തേക്ക് വളഞ്ഞതും ദൃശ്യങ്ങളിൽ കാണാം.
വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. ആർക്കും പരിക്കേറ്റിട്ടില്ല. മാനുവൽ എയർക്രാഫ്റ്റ് സ്റ്റെപ്പുകൾ ഉപയോഗിച്ച് യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ലെന്നും അന്വേഷണം നടത്തുമെന്നും അധികൃതർ വ്യക്തമാക്കി. വിമാനത്താവളത്തിന്റെ പ്രവർത്തനം കുറച്ചു സമയം തടസപ്പെട്ടെങ്കിലും പിന്നീട് പൂർവ സ്ഥിതിയിലായതായും അധികൃതർ വ്യക്തമാക്കി.
പാർക്കിംഗ് ബേയിൽ വിമാനങ്ങൾ കൃത്യമായി പാർക്ക് ചെയ്യാൻ പൈലറ്റുമാരെ സഹായിക്കുന്ന സ്ഥിരമായ മാർഗ്ഗനിർദ്ദേശ സംവിധാനമാണ് വിഡിജിഎസ്. സംഭവത്തിൽ ഇൻഡിഗോ അധികൃതർ പ്രതികരിച്ചിട്ടില്ല.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
