24 വർഷം കാത്തിരുന്ന് ഐവിഎഫിലൂടെ ഇരട്ടകൾ; 4 മാസമായ കുഞ്ഞുങ്ങളെ അമ്മ കൊലപ്പെടുത്തി

News Desk
1 Min Read

ബെംഗളൂരു: നാല് മാസം പ്രായമുള്ള ഇരട്ടക്കുട്ടികളെ കൊലപ്പെടുത്തിയശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച വീട്ടമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു. കർണാടകയിലെ വജരഹള്ളിയിലാണ് ഉമാദേവി (40) എന്ന സ്ത്രീ തന്റെ നാലു മാസം പ്രായമുള്ള ഇരട്ടകളായ പെൺകുഞ്ഞുങ്ങളെ കൊലപ്പെടുത്തിയത്. ഉമാദേവിക്കെതിരെ ഭർത്താവ് രാമലിംഗപ്പയാണ് പൊലീസിൽ പരാതി നൽകിയത്.

2002 ൽ വിവാഹിതരായ രാമലിംഗപ്പ-ഉമാദേവി ദമ്പതികൾ കുട്ടികളില്ലാത്തതിനെ തുടർന്ന് ഐവിഎഫ് ചികിത്സയ്ക്കു വിധേയരായി. തുടർന്ന് 2026 മേയ് 5 ന് ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് ഉമാദേവി ഇരട്ട പെൺകുട്ടികൾക്കു ജന്മം നൽകി. കുഞ്ഞുങ്ങളെ ഒന്നരമാസത്തോളം ഉമാദേവി താൽപര്യത്തോടെ പരിചരിച്ചു. എന്നാൽ പിന്നീട് ഭാര്യ അസാധാരണമായി പെരുമാറിയിരുന്നെന്നും തുടർന്ന് ആശുപത്രിയിൽ മാനസിക സമ്മർദത്തിനു ചികിത്സ നൽകിയിരുന്നെന്നും ഭർത്താവ് നൽകിയ പരാതിയിൽ പറയുന്നു. പ്രസവാനന്തര വിഷാദത്തിനു യുവതി ഇരായായെന്നാണു കരുതുന്നത്.

ചൊവ്വാഴ്ചയാണ് ഉമാദേവി കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയത്. ഭർത്താവ് വീട്ടിലെത്തിയപ്പോൾ ഉമാദേവി ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നതാണു കണ്ടത്. മുറിക്കുള്ളിൽ ഇരട്ട കുഞ്ഞുങ്ങളെ മരിച്ച നിലയിലും കണ്ടെത്തി. കുഞ്ഞുങ്ങളെ മുക്കികൊലപ്പെടുത്തിയതാണെന്ന് ഡോക്ടർമാർ പറഞ്ഞു. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. 

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!