മുംബൈ: മകൾക്ക് മത്സരപരീക്ഷയ്ക്ക് പഠിക്കാൻ പുസ്തകം വാങ്ങാൻ, പണത്തിനായി മാരത്തണിൽ ഓടി ജയിച്ച് ഒരമ്മ. രമാബായി രൺവീർ എന്ന 47-കാരിയാണ് മഹാരാഷ്ട്രയിലെ ബീഡിലെ അംബാജൊഗായിയിൽ നടന്ന മാരത്തണിൽ പങ്കെടുത്ത് ഒന്നാമതെത്തിയത്. മൂന്നുകിലോമീറ്റർ നീണ്ട മാരത്തണിൽ ആദ്യത്തെ കുറച്ചുദൂരത്തിന് ശേഷം നഗ്നപാദയായാണ് രമാബായി ഓടിയത്. സാരി ധരിച്ച് നഗ്നപാദയായി ഓടുന്ന രമാബായിയുടെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു.
‘എന്റെ ഇളയമകൾ ആരതി പഠിക്കാൻ മിടുക്കിയാണ്. അവൾ കഴിഞ്ഞ രണ്ടാഴ്ചയായി എംപിഎസ്‌സി (മഹാരാഷ്ട്ര പബ്ലിക് സർവീസ് കമ്മഷൻ) പരീക്ഷയ്ക്ക് പഠിക്കാൻ പുസ്തകങ്ങൾ ആവശ്യപ്പെടുകയാണ്. അവ വാങ്ങിക്കൊടുക്കാൻ 3,200 രൂപ സംഘടിപ്പിക്കാൻ എനിക്ക് കഴിഞ്ഞില്ല. അതുകൊണ്ട് എട്ടുദിവസമായി അവൾ എന്നോട് മിണ്ടിയിട്ട്. എനിക്ക് വലിയ സങ്കടമായി. അപ്പോഴാണ് മൂന്നു കിലോമീറ്റർ മാരത്തോണിനെ കുറിച്ച് അറിഞ്ഞത്. ഞാനും പേര് രജിസ്റ്റർ ചെയ്തു. പരമാവധി വേഗത്തിലോടി സമ്മാനത്തുകയായ മൂവായിരംരൂപ നേടാനും അതുകൊണ്ട് ആരതിക്ക് പുസ്തകങ്ങൾ വാങ്ങിക്കൊടുക്കാമെന്നും നിശ്ചയിച്ചു’, മാരത്തണിൽ പങ്കെടുത്തതിനെ കുറിച്ച് രമാബായി ദേശീയ മാധ്യമത്തോട് പറഞ്ഞതിങ്ങനെ.
മുപ്പതിനുമേൽ പ്രായമുള്ളവരുടെ വിഭാഗത്തിൽ മത്സരിച്ചാണ് ഇവർ വിജയിച്ചതും സമ്മാനത്തുകയായ മൂവായിരംരൂപ നേടിയതും. രമാബായിക്കൊപ്പം മൂത്തമകൾ പൂജയും മാരത്തണിൽ പങ്കെടുത്തിരുന്നു. പങ്കെടുത്ത വിഭാഗത്തിൽ രണ്ടാമതായി ഫിനിഷ് ചെയ്ത പൂജയ്ക്ക് രണ്ടായിരം രൂപയാണ് സമ്മാനമായി ലഭിച്ചത്. രണ്ടുപേരുടെയും സമ്മാനത്തുക ആരതിക്ക് പുസ്തകങ്ങൾ വാങ്ങാനാണ് ഉപയോഗിക്കുക.
ഹിംഗോലി ജില്ലയിലെ പോത്ര ഗ്രാമക്കാരിയാണ് രമാബായി. 2012-ൽ ഭർത്താവ് മരിച്ചതോടെ രണ്ടുപെൺമക്കളെ തനിച്ച് വളർത്തുകയാണ് ഇവർ. ‘കൃഷിയിടമോ വസ്തുവകകളോ ഇല്ലാത്തതിനാൽ മറ്റുള്ളവരുടെ കൃഷിയിടത്തിൽ ഞാൻ ജോലിക്ക് പോകും’, രമാബായി പറയുന്നു.
രമാബായിയുടെ മൂത്തമകൾ പൂജ, മഹാരാഷ്ട്ര പോലീസിൽ ചേരാനുള്ള പരിശീലനത്തിലാണ്. രണ്ടാമത്തെ മകളായ ആരതി, നന്ദേഡിലെ വിശ്വഭാരതി മഹാവിദ്യാലയയിലെ രണ്ടാംവർഷ ബിഎസ്‌സി ബിരുദ വിദ്യാർഥിനിയാണ്. എംപിഎസ്‌സി പരീക്ഷ കടന്ന് ഓഫീസർ പവി നേടുകയെന്നതാണ് ആരതിയുടെ ആഗ്രഹം.
ഇക്കഴിഞ്ഞ ശനിയാഴ്ച ഭാരതീയ ശിക്ഷൺ പ്രസാരക് സൻസ്ഥ, അമൃത് ദൗഡ് എന്ന പേരിൽ സംഘടിപ്പിച്ച മാരത്തണിലാണ് രമാബായിയും പൂജയും പങ്കെടുത്ത് ജയിച്ചത്. ദേശീയ കായികദിനത്തിന്റെ 75-ാം വാർഷികത്തോട് അനുബന്ധിച്ചായിരുന്നു മാരത്തൺ സംഘടിപ്പിച്ചത്. മുപ്പത് മിനിറ്റുകൊണ്ടാണ് രമാബായി മാരത്തൺ പൂർത്തിയാക്കിയത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
