കാലിഫോര്‍ണിയ: ആപ്പിളിൻ്റെ സിഇഒ തലപ്പത്തിൽ 15 വർഷം പൂർത്തിയാക്കിയ ടിം കുക്ക് പടിയിറങ്ങി. ജോൺ ടെർനസ് ആപ്പിളിൻ്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി ചുമതലയേറ്റു. 2011 ഓഗസ്റ്റിലാണ് സ്റ്റീവ് ജോൺസിന് പിന്നാലെ ടിം കുക്ക് സിഇഒ സ്ഥാനത്തെത്തിയത്.
സിഇഒ സ്ഥാനം ഒഴിഞ്ഞെങ്കിലും ടിം കുക്ക് എക്സിക്യൂട്ടിവ് ചെയർമാനായി ആപ്പിളിൽ തുടരും. ലോകമെമ്പാടുമുള്ള നയരൂപീകരണ പ്രവർത്തകരുമായുള്ള ഇടപെടലുകളിൽ ഉൾപ്പെടെ കമ്പനിയുടെ ചില പ്രധാന മേഖലകളിലും കുക്ക് തുടർന്നും ഇടപെടും. “നാളെ എൻ്റെ പദവി മാറും, പക്ഷേ ആപ്പിൾ സമൂഹത്തോടുള്ള എൻ്റെ സ്നേഹം ഒരിക്കലും മാറില്ല” എന്ന് ടിം കുക്ക് എക്സിൽ കുറിച്ചു.
മുൻപ് ആപ്പിളിൻ്റെ ഹാർഡ്‌വെയർ എൻജിനീയറിങ് വിഭാഗം മേധാവിയായിരുന്ന ജോൺ ടെർനസാണ് ഇനി കമ്പനിയെ നയിക്കുന്നത്. 2001ൽ ആപ്പിളിലെത്തിയ ടെർണസ് മാക്, ഐപാഡ്, എയർപോഡ്സ് തുടങ്ങിയ പ്രധാന ഉൽപ്പന്നങ്ങളുടെ വികസനത്തിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ്. മാക് കമ്പ്യൂട്ടറുകളിലെ ആപ്പിൾ സിലിക്കൺ ചിപ്പുകളിലേക്കുള്ള മാറ്റത്തിലും പ്രോ മോഡൽ നിര വികസിപ്പിക്കുന്നതിലും ടെർനസിന് പ്രധാന പങ്കുണ്ടായിരുന്നു.
ടിം കുക്കിൻ്റെ കാലയളവിൽ ആപ്പിൾ വാച്ച്, എയർപോഡ്സ്, ഹോംപോഡ്, വിഷൻ പ്രോ തുടങ്ങിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുകയും ആപ്പിൾ മ്യൂസിക്, ആപ്പിൾ ടിവി ഉൾപ്പെടെയുള്ള സേവന മേഖല ശക്തിപ്പെടുത്തുകയും ചെയ്തിരുന്നു. 2011ൽ ഏകദേശം 350 ബില്യൺ ഡോളറായിരുന്ന കമ്പനിയുടെ വിപണി മൂല്യം ഇന്ന് 4.5 ട്രില്യൺ ഡോളറിലേറെയായി ഉയർന്നിട്ടുണ്ട്.
..
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
