‘സർപ്രൈസ് മാസ്സ് എൻട്രി’യുമായി ദുബായ് പൊലീസ്; ദുബൈയിൽ പ്രവാസി മനസ്സ് കവർന്ന് ഭരണകൂടത്തിന്റെ പ്രതിനിധികളായി പൊലീസുകാർ; മലയാളി പ്രവാസികൾക്ക് ഇരട്ടി മധുരം 

malayalampress
1 Min Read

ദുബൈ: മലയാളികളുടെ പ്രിയപ്പെട്ട ഓണാഘോഷത്തിൽ സർപ്രൈസ് അതിഥികളായെത്തി പ്രവാസി സമൂഹത്തിന്റെ മനസ്സ് കവർന്നിരിക്കുകയാണ് ദുബായ് പൊലീസ്. മലയാളി സമൂഹം കരാമ പാർക്കിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികളിലാണ് പൊലീസ് ഉദ്യോഗസ്ഥർ നേരിട്ടെത്തി പങ്കാളികളായത്. ആഘോഷങ്ങളുടെ ഭാഗമായി ഉദ്യോഗസ്ഥർ നാട്ടുകാരുമായി സൗഹൃദം പങ്കിടുന്നതിന്റെയും സന്തോഷം പങ്കുവയ്ക്കുന്നതിന്റെയും ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമത്തിൽ തരംഗമായി മാറുന്നു.

‘എന്റെ കരാമ’ എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ പുറത്തുവന്ന വിഡിയോ ഇതിനോടകം ഒട്ടേറെ പേരാണ് പങ്കുവച്ചിരിക്കുന്നത്. പ്രവാസി സമൂഹത്തോട് ദുബായ് പൊലീസ് കാട്ടുന്ന കരുതലും സവിശേഷമായ അടുപ്പവുമാണ് ഈ ദൃശ്യങ്ങളിൽ തെളിയുന്നതെന്ന് പ്രവാസികൾ ഒന്നടങ്കം അഭിപ്രായപ്പെടുന്നു. ദുബായിയുടെ ബഹുസംസ്കാര കൂട്ടായ്മയുടെയും സഹിഷ്ണുതയുടെയും മികച്ചൊരു മാതൃകയാണ് ഈ സംഭവമെന്നാണ് ഉയരുന്ന പ്രശംസ.

ഓണാഘോഷങ്ങളിൽ ദുബായ് പൊലീസ് പങ്കുചേരുന്നത് ഇതാദ്യമായല്ല. മുൻവർഷങ്ങളിലും ഗൾഫിലെ ഇന്ത്യൻ സമൂഹത്തിന്റെ സന്തോഷങ്ങളിൽ പങ്കാളികളാകാൻ പൊലീസ് ഉദ്യോഗസ്ഥർ മുന്നോട്ടുവന്നിട്ടുണ്ട്. ഭരണകൂടവും വിവിധ രാജ്യങ്ങളിൽ നിന്നുള്ള ജനവിഭാഗങ്ങളും തമ്മിലുള്ള ആത്മബന്ധം ദൃഢമാക്കാൻ ഇത്തരം ഇടപെടലുകൾ വലിയ തോതിൽ സഹായിക്കുന്നുണ്ട്.

കുടുംബസംഗമങ്ങൾ, സാംസ്കാരിക പരിപാടികൾ, പാരമ്പര്യ കലാരൂപങ്ങൾ, അതിമനോഹരമായ പൂക്കളങ്ങൾ, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവയോടെയാണ് പ്രവാസലോകവും ഓണം ആഘോഷിക്കുന്നത്. യുഎഇയിലെ മലയാളി സമൂഹത്തിന് തങ്ങളുടെ സാംസ്കാരിക പൈതൃകം തൊട്ടറിഞ്ഞ് പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവഴിക്കാനുള്ള അപൂർവ അവസരം കൂടിയാണ് ഈ ദിനങ്ങൾ. അങ്ങനെയൊരു പവിത്രമായ ആഘോഷ വേളയിലേക്ക് പ്രാദേശിക ഭരണകൂടത്തിന്റെ പ്രതിനിധികളായി പൊലീസുകാർ കൂടിയെത്തിയത് മലയാളി പ്രവാസികൾക്ക് ഇരട്ടി മധുരമായി മാറി.

ഇത്തരം അടുത്ത അനുഭവങ്ങളിലൂടെ തങ്ങളുടെ ആതിഥേയ രാജ്യത്തോടുള്ള പ്രവാസികളുടെ സ്നേഹവും ബഹുമാനവും ഇരട്ടിക്കുകയാണെന്നും ജനങ്ങളും ഭരണകൂടവും തമ്മിലുള്ള മികച്ച കൂട്ടായ്മയ്ക്ക് കരാമയിലെ ഈ കാഴ്ച ഉത്തമ തെളിവാണെന്നും സാമുഹിക മാധ്യമങ്ങളിൽ വൻതോതിൽ പ്രതികരണങ്ങൾ ഉയരുന്നുണ്ട്. വൈകിട്ട് തുടങ്ങി രാത്രി വരെ നീണ്ട ആഘോഷ പരിപാടിയിൽ വിവിധ മത്സരങ്ങളും നൃത്തനൃത്യങ്ങളും അരങ്ങേറി

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!