സിഎന്‍ജിയ്ക്ക് വില വര്‍ധിപ്പിച്ചു; കൂട്ടിയത് കിലോഗ്രാമിന് 3.89 രൂപ

News Desk
1 Min Read

ന്യൂഡല്‍ഹി: ഡല്‍ഹി-എന്‍സിആര്‍ മേഖലകളില്‍ സിഎന്‍ജി വില വര്‍ധിപ്പിച്ചു. കിലോഗ്രാമിന് 3.89 രൂപയാണ് കൂട്ടിയത്. മേഖലയിലെ പ്രധാന സിഎന്‍ജി വിതരണ കമ്പനിയായ ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡാണ് (ഐജിഎല്‍) സിഎന്‍ജി വില കൂട്ടിയതായി അറിയിച്ചത്. ഓഗസ്റ്റ് 29 ശനിയാഴ്ച രാവിലെ ആറുമുതല്‍ പുതിയ നിരക്ക് നിലവില്‍വന്നു.

ഇതോടെ ഡല്‍ഹിയില്‍ സിഎന്‍ജിയ്ക്ക് കിലോഗ്രാമിന് 86.98 രൂപയായി. നോയിഡ- 95.59 രൂപ, ഗാസിയാബാദ്- 95.59 രൂപ, മീററ്റ്- 95.47 രൂപ, ഗുരുഗ്രാം- 92.01 രൂപ എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ പുതിയ നിരക്കുകള്‍. സിഎന്‍ജി വില വര്‍ധിപ്പിച്ചത് ഡല്‍ഹി-എന്‍സിആര്‍ മേഖലകളിലെ പൊതുഗതാഗത മേഖലയെയും ബാധിക്കും.

ഡല്‍ഹിയിലെ മിക്ക ടാക്‌സി കാര്‍, ഓട്ടോകളും സിഎന്‍ജിയാണ് ഉപയോഗിക്കുന്നത്. ഇന്ധനവില വര്‍ധനവ് ടാക്‌സി നിരക്ക് കൂടാനും കാരണമായേക്കും. കഴിഞ്ഞ മേയ് മാസത്തില്‍ നാല് ഘട്ടങ്ങളിലായി സിഎന്‍ജിയ്ക്ക് ആറു രൂപ വരെ വര്‍ധിപ്പിച്ചിരുന്നു. പിന്നാലെയാണ് വീണ്ടും വില കൂട്ടിയത്.

അന്താരാഷ്ട്ര വിപണിയില്‍ എല്‍എന്‍ജി വില വര്‍ധിച്ചതാണ് സിഎന്‍ജി വില വര്‍ധിപ്പിച്ചതിന്റെ പ്രധാന കാരണമായി ഐജിഎല്‍ പറയുന്നത്. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന എല്‍എന്‍ജിയാണ് സിഎന്‍ജി നിര്‍മാണത്തിനായി ഉപയോഗിക്കുന്നത്. അതിനാല്‍ അന്താരാഷ്ട്ര വിപണിയിലെ വില വ്യത്യാസം ആഭ്യന്തര വിപണിയെയും ബാധിക്കുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!