തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലിയുള്ള സി.പി.എം.- സി.പി.ഐ. തർക്കങ്ങൾക്ക് പിന്നാലെ, പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ രൂക്ഷവിമർശനങ്ങളുമായി മുതിർന്ന സി.പി.ഐ. നേതാവ് സി. ദിവാകരൻ.
തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത് പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് മാറിനിൽക്കണമായിരുന്നുവെന്ന് ദിവാകരൻ പറഞ്ഞു. അദ്ദേഹം സ്വയം മാറിനിന്നിരുന്നെങ്കിൽ, വി.എസ്. അച്യുതാനന്ദനെപ്പോലെ കേരളത്തിലെ ജനങ്ങൾ അദ്ദേഹത്തെയും തിരികെ വിളിക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിണറായി വിജയനിൽനിന്ന് കൂടുതൽ ഉയർന്നതും വിശാലവുമായ ഒരു കമ്മ്യൂണിസ്റ്റ് സമീപനമാണ് താൻ പ്രതീക്ഷിച്ചതെന്നും എന്നാൽ അതുണ്ടായില്ലെന്നും സി. ദിവാകരൻ വ്യക്തമാക്കി. ഇതിൽ തനിക്ക് കടുത്ത അമർഷവും വേദനയും പ്രതിഷേധവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുൻപ് വി.എസ്. അച്യുതാനന്ദന് നിയമസഭയിൽ മത്സരിക്കാൻ സീറ്റ് നൽകേണ്ടതില്ലെന്ന് പാർട്ടി തീരുമാനിച്ചപ്പോൾ ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടായ വലിയ പ്രതിഷേധം കണ്ടാണ് പാർട്ടി തീരുമാനം തിരുത്തിയത്. അന്ന് വി.എസ്സിനെ തിരികെ വിളിച്ച് സീറ്റ് നൽകുകയും അദ്ദേഹം ജയിക്കുകയും ചെയ്തു. ആ ജനങ്ങളെ എന്തുകൊണ്ടാണ് പിണറായി വിജയൻ കാണാത്തതെന്നും ദിവാകരൻ ചോദിച്ചു.
പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലിയുള്ള തർക്കത്തിലും സി. ദിവാകരൻ സിപിഎമ്മിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ചു. ആർക്കും ഒരു ദോഷവുമില്ലാത്ത, കാറും പദവികളുമുണ്ടെങ്കിലും യഥാർത്ഥത്തിൽ യാതൊരു അധികാരവുമില്ലാത്ത കേവലം ഒരു രാഷ്ട്രീയാംഗീകാരം മാത്രമാണ് പ്രതിപക്ഷ ഉപനേതാവ് പദവിയെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, ഈ പദവി സി.പി.ഐക്ക് ലഭിക്കുന്നത് ഉൾക്കൊള്ളാൻ കഴിയാത്തതാണ് സി.പി.എമ്മിന്റെ പ്രശ്നമെന്നും ഈ വിഷയത്തിൽ സി.പി.ഐ ഒട്ടും പിന്നോട്ടില്ലെന്നും സി. ദിവാകരൻ വ്യക്തമാക്കി.
സി.പി.എം. നേതാക്കളുടെ പരസ്യ പ്രതികരണങ്ങളും സി.പി.ഐയെ അവഹേളിക്കുന്ന രീതിയിലുള്ള സമീപനങ്ങളും തങ്ങൾക്ക് വലിയ വേദനയുണ്ടാക്കുന്നതാണെന്ന് ദിവാകരൻ പറഞ്ഞു. ആവശ്യം മുഖ്യമന്ത്രി പദവിയല്ല, മറിച്ച് ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ നിലനിൽപ്പാണെന്ന് കേരള രാഷ്ട്രീയത്തിൽ തെളിയിച്ച പാർട്ടിയാണ് സി.പി.ഐയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അതിനാൽ തങ്ങളുടെ ഇടതുപക്ഷ ആത്മാർത്ഥതയും ബന്ധവും പരിശോധിക്കാൻ യോഗ്യതയുള്ള ആരും ഇന്ന് കേരളത്തിൽ ജീവിച്ചിരിപ്പില്ലെന്നും സി. ദിവാകരൻ പറഞ്ഞു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
