ന്യൂഡൽഹി: അമേരിക്കയിൽ പുതുവത്സര ആഘോഷത്തിനിടെ ഒപ്പം താമസിച്ചിരുന്ന തെലങ്കാന സ്വദേശിയായ യുവതിയെ കുത്തി കൊലപ്പെടുത്തിയശേഷം ഒളിവിൽ പോയ പ്രതിയെ ആഗ്രയിൽനിന്നു പൊലീസ് പിടികൂടി. അമേരിക്കയിലെ മെരിലാൻഡിലെ കൊളംബിയയിലുള്ള അപാർട്മെന്റിൽവച്ച് പുതുവത്സര ആഘോഷത്തിനിടെയാണ് നികിത ഗോഡിഷാലയെ (27) അർജുൻ ശർമ കൊലപ്പെടുത്തിയത്.
കൃത്യത്തിനുശേഷം ജനുവരി 2 മുതൽ യുവാവിനെ കാണാതായിരുന്നു. യുവതിയുടെ പിതാവ് നൽകിയ പരാതിയിലാണ് അർജുനെ ആഗ്രയിലെ ഫ്ലാറ്റിൽനിന്ന് ഹൈദരാബാദ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
അർജുൻ ശർമയുടെ കൊളംബിയയിലുള്ള അപ്പാർട്മെന്റിലാണ് നികിത താമസിച്ചിരുന്നത്. 2025 ഡിസംബർ 31 ന് കുത്തേറ്റു മരിച്ച നിലയിൽ യുവതിയെ കണ്ടെത്തിയതിനെ തുടർന്ന് അർജുൻ അമേരിക്കയിൽ അന്വേഷണം നേരിടുകയായിരുന്നു. അർജുനെ നികിതയുടെ മുൻ കാമുകൻ എന്നാണ് അമേരിക്കയിലെ അന്വേഷണ സംഘം പറയുന്നത്. എന്നാൽ ഇരുവരും തമ്മിലുള്ള സാമ്പത്തിക തർക്കമാണ് കൊലപാതകത്തിനു കാരണമായതെന്നാണ് നികിതയുടെ ഹൈദരാബാദിലുള്ള കുടുംബം മാധ്യമങ്ങളോടു പറഞ്ഞത്.
നികിതയിൽനിന്നു പണം കടമായി വാങ്ങിയ ശേഷം അർജുൻ തിരികെ നൽകിയിരുന്നില്ല. ഇതു സംബന്ധിച്ച് തെലങ്കാന പൊലീസിൽ കുടുംബം പരാതി നൽകിയിരുന്നു. ഈ കേസിലാണ് ഹൈദരാബാദ് പൊലീസ് യുവാവിനെ കസ്റ്റഡിയിൽ എടുത്തത്.
കൊലപാതകത്തിനുശേഷം ഇന്ത്യയിലേക്ക് കടന്ന അർജുനെ കണ്ടെത്താൻ അമേരിക്കയിലെ അന്വേഷണ സംഘം ശ്രമങ്ങൾ ആരംഭിച്ചിരുന്നു. പ്രതി ഇന്ത്യയിൽ അറസ്റ്റിലായ വിവരം അമേരിക്കയിലെ അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ എപ്പോൾ പ്രതിയെ കൈമാറും എന്ന വിവരങ്ങൾ ലഭ്യമല്ല.
….
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
