കൊല്ലം / പത്തനംതിട്ട: കൊല്ലം ശാസ്താംകോട്ടയിൽ യുവാവ് പൊലീസിന്റെ ക്രൂരമർദനത്തിനിരയായെന്ന് പരാതി. അടൂർ സ്വദേശിയായ 23കാരനാണ് പരാതിക്കാരൻ. പൊലീസ് ക്രൂരതയിൽ യുവാവിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നതായാണ് മെഡിക്കൽ റിപ്പോർട്ട്.
മെയ് 29നാണ് പരാതിക്ക് ആസ്പദമായ സംഭവം. കുന്നത്തൂർ താലൂക്കിലുള്ള പതിനഞ്ചുകാരിയുടെ പരാതിയിൽ പൊലീസ് മർദനത്തിനിരയായ യുവാവിന്റെ ജ്യേഷ്ഠനെതിരെ പോക്സോ കേസ് എടുത്തിരുന്നു. കേസ് അന്വേഷിച്ചെത്തിയ ശാസ്താംകോട്ട സ്റ്റേഷനിലെ പൊലീസുകാർ യുവാവിനെ കാറിൽ കയറ്റി കൊണ്ടുപോയി മർദിക്കുകയായിരുന്നു. മണിക്കൂറുകളോളം കാറിലിട്ട് ക്രൂരതയ്ക്കിരയാക്കി. യുവാവിന്റെ ജനനേന്ദ്രിയം പൊലീസുകാർ അടിച്ചുതകർത്തെന്നും പരാതിയിൽ പറയുന്നു.
ശാസ്താംകോട്ട ഡിവൈഎസ്പി ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടും നീതി ലഭിച്ചില്ല. പരാതിയിൽ നിന്ന് പിന്തിരിപ്പിക്കാൻ പൊലീസുകാർ ശ്രമിച്ചുവെന്നും യുവാവ് ആരോപിക്കുന്നു. ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിരിക്കുകയാണ് യുവാവിന്റെ കുടുംബം.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
