സി എന്‍ ജി പമ്പില്‍ സ്‌ഫോടനം; ഒരു മരണം, ആറ് പേര്‍ക്ക് പരുക്ക്

News Desk
1 Min Read

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ തിക്രി കലാന്‍ മേഖലയിലെ സി എന്‍ ജി പമ്പില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. അപകടത്തില്‍ ആറ് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഒരു ട്രക്കില്‍ കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് നിറയ്ക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

ഒരാളുടെ മരണം ഡല്‍ഹി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പമ്പ് ജീവനക്കാര്‍ സി എന്‍ ജി നിറയ്ക്കുന്നതിനിടയിലാണ് അപകടം നടന്നതെന്ന് പ്രാഥമിക വിവരം .സ്‌ഫോടനം നടക്കുമ്പോള്‍ നിരവധി പേര്‍ പമ്പില്‍ ഉണ്ടായിരുന്നു.

ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3:37 നാണ് ഡല്‍ഹി ഫയര്‍ സര്‍വീസിന് സംഭവം സംബന്ധിച്ച് വിവരം ലഭിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ട്രക്കിന് സമീപം നിന്നിരുന്നവര്‍ക്കാണ് സ്‌ഫോടനത്തില്‍ പരുക്കേറ്റത്. ഇവരെ ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.സ്‌ഫോടന വിവരം ലഭിച്ച ഉടന്‍തന്നെ ഡല്‍ഹി ഫയര്‍ സര്‍വീസിലെ ആറ് ഫയര്‍ യൂണിറ്റുകള്‍ സ്ഥലത്തേക്ക് എത്തി. അതേ സമയം പരുക്കേറ്റവരുടെ ആരോഗ്യനില സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

സ്‌ഫോടനത്തിനുള്ള കൃത്യമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. റീഫ്യൂവലിംഗിനിടയില്‍ ട്രക്കിന്റെ ഗ്യാസ് ടാങ്ക് പൊട്ടിത്തെറിക്കാന്‍ ഉണ്ടായ കാരണം എന്താണെന്ന് കണ്ടെത്താന്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കുകയും ചെയ്തിട്ടുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article