‘എഫ്.ഡി. മാറ്റി നിക്ഷേപിച്ചാൽ കൂടുതൽ പലിശ കിട്ടും’; വൃദ്ധ ദമ്പതിമാരെ ചതിച്ച് 60 ലക്ഷം തട്ടി, അറസ്റ്റ്

0
33

കോട്ടയം: മക്കളില്ലാത്ത വൃദ്ധ ദമ്പതിമാരിൽ നിന്ന് 60 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതികളായ ദമ്പതിമാരെ കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തു. മാഞ്ഞൂർ സ്വദേശികളായ മഹേഷ്, ഇയാളുടെ ഭാര്യ വിജി എന്നിവരാണ് പിടിയിലായത്. 

സൗഹൃദം നടിച്ച് പ്രതികൾ മാഞ്ഞൂർ സ്വദേശികളായ വൃദ്ധ ദമ്പതികളുടെ വിശ്വാസം നേടിയെടുക്കുകയും എസ്.ബി.ഐ കുറുപ്പന്തറ ബ്രാഞ്ചിൽ സ്ഥിര നിക്ഷേപമായി ഇട്ടിരുന്ന 60 ലക്ഷം രൂപ സി.എഫ്.സി.ഐ.സി.ഐ. ബാങ്കിന്റെ എറണാകുളം ബ്രാഞ്ചിലേക്ക് മാറ്റി നിക്ഷേപിച്ചാൽ കൂടുതൽ പലിശ ലഭിക്കുമെന്ന് പറഞ്ഞ് പ്രതികൾ ഇവരെ വിശ്വസിപ്പിച്ചു.

2024 ജൂലൈ മാസം മുതലുള്ള കാലയളവിൽ, വൃദ്ധ ദമ്പതികളെക്കൊണ്ട് ചെക്ക് മുഖാന്തിരവും മറ്റു വഴികളിലൂടെയും 60 ലക്ഷം രൂപ പ്രതികളുടെ അക്കൗണ്ടിലേക്ക് മാറ്റിപ്പിച്ചു. ഈ തുക സി.എഫ്.സി.ഐ.സി.ഐ ബാങ്കിന്റെ എറണാകുളം ബ്രാഞ്ചിൽ നിക്ഷേപിച്ചതായി കാണിച്ചുകൊണ്ട് പ്രതികൾ വ്യാജ രേഖകൾ ചമയ്ക്കുകയും, അതുവഴി ദമ്പതികളെ ചതിച്ച് പണം സ്വന്തമാക്കുകയും ചെയ്തു.

ചതിക്കപ്പെട്ടതറിഞ്ഞ ദമ്പതിമാർ പോലീസിൽ പരാതി നൽകി. സംഭവത്തിൽ കേസെടുത്ത കടുത്തുരുത്തി പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്. എസ്.എച്ച്.ഒ. അൻസൽ എ.എസ്., എസ്.ഐ.മാരായ സുരേഷ്കുമാർ ബി., നാസർ കെ., അജികുമാർ ബി., വിനോദ് ബി.പി., എ.എസ്.ഐ. ശ്രീലതാമ്മാൾ, എസ്.സി.പി.ഒ. സുമൻ പി. മോനി, സി.പി.ഒ. അരുൺ സി.എം. എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് ശേഷം പ്രതികളെ വൈക്കം ജെ.എഫ്.സി.എം. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.