‘ചോദ്യപ്പേപ്പർ ചോർത്തുന്നത് കൊലപാതകത്തേക്കാൾ ഹീനമായ കുറ്റം’; ജാമ്യം നിഷേധിച്ച് ഹൈക്കോടതി

News Desk
2 Min Read

റായ്‌പൂർ: മത്സരപ്പരീക്ഷകളുടെ ചോദ്യപ്പേപ്പറുകൾ ചോർത്തുന്നതു കൊലപാതകത്തേക്കാൾ ഹീനമായ കുറ്റമാണെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. ഛത്തീസ്ഗഡ് പബ്ലിക് സർവീസ് കമ്മിഷൻ (സിജിപിഎസ്‌സി) റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസിൽ സിബിഐ അറസ്റ്റ് ചെയ്ത വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണു കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

2020-2022 കാലയളവിലാണു സംഭവം നടന്നത്. അന്നത്തെ സിജിപിഎസ്‌സി സെക്രട്ടറിയായിരുന്നു പ്രതി ജീവൻ കിഷോർ ധ്രുവ് (62). തന്റെ മക്കൾക്കായി ഇയാൾ ചോദ്യപ്പേപ്പർ ചോർത്തി നൽകിയതെന്നാണ് ആരോപണം. ഇയാളെ 2025 ലാണ് സിബിഐ അറസ്റ്റ് ചെയ്തത്. ക്രമക്കേട് നടന്ന പരീക്ഷയിൽ ഡെപ്യൂട്ടി കലക്ടറായി തിരഞ്ഞെടുക്കപ്പെട്ട ജീവൻ കിഷോറിന്റെ മകൻ സുമിത് ധ്രുവും കേസിലെ പ്രതിയാണ്.

‘‘ചോദ്യപ്പേപ്പറുകൾ ചോർത്തുന്നയാൾ മത്സരപ്പരീക്ഷകൾക്കായി രാപകൽ കഷ്ടപ്പെട്ടു പഠിക്കുന്ന ലക്ഷക്കണക്കിന് ഉദ്യോഗാർഥികളുടെ കരിയറുമായും ഭാവിയും വച്ചു കളിക്കുകയാണ്. ഇതു കൊലപാതക കുറ്റത്തേക്കാൾ ഹീനമായ പ്രവൃത്തിയാണ്. ഒരാളെ കൊല്ലുമ്പോൾ അത് ഒരു കുടുംബത്തെ മാത്രമാണു ബാധിക്കുന്നത്. എന്നാൽ, ലക്ഷക്കണക്കിന് ഉദ്യോഗാർഥികളുടെ ഭാവി തകർക്കുന്നത് ഒരു സമൂഹത്തെ മുഴുവൻ ബാധിക്കും. അതുകൊണ്ട് പ്രതിക്കെതിരെയുള്ള ആരോപണങ്ങൾ സാധാരണമായി കണക്കാക്കാനാവില്ല’’– കോടതി പറഞ്ഞു.

സിജിപിഎസ്‌സി സെക്രട്ടറി ആയിരുന്നതുകൊണ്ടു മാത്രമാണ് അദ്ദേഹത്തെ തെറ്റായി പ്രതിചേർത്തതെന്നും യഥാർഥ എഫ്ഐആറിൽ അദ്ദേഹത്തിന്റെ പേരുണ്ടായിരുന്നില്ലെന്നുമാണു ജീവന്റെ അഭിഭാഷകൻ വാദിച്ചത്. ജീവനിൽനിന്ന് മൊബൈൽ ഫോൺ ഒഴികെ കുറ്റകരമായ രേഖകളോ ഇലക്ട്രോണിക് ഉപകരണങ്ങളോ കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം ചോദ്യപ്പേപ്പറുകൾ ചോർത്തുകയോ മക്കൾക്ക് കൈമാറുകയോ ചെയ്തുവെന്നതിന് ഒരു തെളിവുമില്ലെന്നും അഭിഭാഷകൻ പറഞ്ഞു.

രണ്ട് മക്കളും പരീക്ഷ എഴുതുന്നതറിഞ്ഞപ്പോൾ തന്നെ അക്കാര്യം അധികൃതരെ അറിയിക്കുകയും റിക്രൂട്ട്‌മെന്റ് പ്രക്രിയയുമായി ബന്ധപ്പെട്ട രഹസ്യസ്വഭാവമുള്ള എല്ലാ ജോലികളിൽനിന്നു ഒഴിവാക്കണമെന്ന് ജീവൻ അഭ്യർഥിക്കുകയും ചെയ്തിരുന്നെന്നും അഭിഭാഷകൻ പറഞ്ഞു. ജീവന്റെ ഒരു മകനു പരീക്ഷയിൽ യോഗ്യത നേടാനായില്ലെന്നും മറ്റൊരാൾക്ക് വളരെ താഴെയുള്ള റാങ്കാണു ലഭിച്ചതെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.

എന്നാൽ ജീവൻ 2021 ലെ സിജിപിഎസ്‌‍സി മെയിൻ പരീക്ഷയുടെ ചോദ്യപ്പേപ്പറുകൾ മകനു നൽകിയെന്നു സൂചിപ്പിക്കുന്ന തെളിവുകൾ പ്രോസിക്യൂഷൻ ശേഖരിച്ചിട്ടുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി. ചോദ്യപ്പേപ്പറിലുണ്ടായിരുന്ന നാലു വിഷയങ്ങളെ കുറിച്ച് സുമിതിനു പ്രത്യേക പരിശീലനം ലഭിച്ചിരുന്നെന്നു വ്യക്തമാക്കുന്ന തെളിവുകളും സിബിഐ കണ്ടെത്തിയിട്ടുണ്ട്. ജീവന്റെ വസതിയിൽനിന്നു കണ്ടെടുത്ത തെളിവുകളും സാക്ഷിമൊഴികളും ചോദ്യപ്പേപ്പർ ചോർച്ചയിൽ അദ്ദേഹത്തിന്റെ പങ്കാളിത്തം വ്യക്തമാക്കുന്നെന്നും കോടതി പറഞ്ഞു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article