ഗുരുവായൂർ: കാമുകിയെ വകവരുത്താൻ എത്തിയ കാമുകനും സംഘവും ടെംപിൾ പൊലീസിന്റെ പട്രോളിങ്ങിൽ കുടുങ്ങി. 4ന് രാവിലെ പടിഞ്ഞാറേനടയിൽ ബൈക്കിൽ സ്ത്രീവേഷം ധരിച്ചു നിന്നയാളെയും സുഹൃത്തിനെയും സംശയം തോന്നി പൊലീസ് ചോദ്യം ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം.
സ്ത്രീവേഷം ധരിച്ചയാൾ തൊടുപുഴ മുട്ടം ചോലാമറ്റത്തിൽ പ്രസാദ് (43) ആണെന്നും ഇരുപതോളം ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും ഒപ്പമുള്ള തൊടുപുഴ മുട്ടം ഒറ്റപ്ലാക്കൽ ആദർശ് (23) കൊലപാതകശ്രമം അടക്കമുള്ള കേസുകളിൽ പ്രതിയാണെന്നും പൊലീസ് തിരിച്ചറിഞ്ഞു. പിന്നീട് വൈകിട്ട് തൊടുപുഴ റജിസ്ട്രേഷനുള്ള കാറിൽ 3 യുവാക്കളെ 16 ഗ്രാം കഞ്ചാവുമായി പൊലീസ് പിടികൂടി. തൊടുപുഴ മുട്ടം തൈപറമ്പിൽ ബിനീഷ് (26), മുട്ടം തോട്ടുകര തേങ്ങിൽ ഷാഹിദ് അലി (24), മണക്കാട് കാരക്കുന്നേൽ സ്റ്റീഫൻ (32) എന്നിവരാണ് ഇവർ.
തൃശൂരിൽ സ്പായിൽ ജോലി ചെയ്യുന്ന തൊടുപുഴ സ്വദേശിനിയായ പ്രസാദിന്റെ കാമുകി മറ്റൊരാളുമായി അടുപ്പത്തിലാണെന്നു മനസ്സിലാക്കി കാമുകിയെ വകവരുത്താനാണ് സംഘം എത്തിയതെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടി പ്രസാദിനെ പേടിച്ച് തൃശൂരിൽ നിന്ന് ഗുരുവായൂരിലേക്ക് താമസം മാറ്റിയിരുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
