അമ്മയുടെ പങ്കാളിയിൽ നിന്ന് മർദ്ദനമേറ്റ് 7 വയസുകാരൻ മരിച്ചു

News Desk
1 Min Read

മുംബൈ: അമ്മയുടെ പങ്കാളിയിൽ നിന്ന് ക്രൂരമർദ്ദനമേറ്റ് ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരണപ്പെട്ടു. മുംബൈയിലെ കെഇഎം ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്.

മഹാരാഷ്ട്രയിലെ അമ്പർനാഥിലാണ് ദാരുണ സംഭവം. കുട്ടി പതിവായി അമ്മയ്ക്കൊപ്പമാണ് കിടന്നിരുന്നത്. ഇത് അമ്മയുമായുള്ള ബന്ധത്തിന് തടസമാകുമെന്ന് കണ്ടാണ് പ്രതി കുട്ടിയെ മൃ​ഗീയമായി മർദ്ദിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ 25 കാരനായ പ്രതിക്കെതിരെ കൊലപാതക കുറ്റം ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.

ഭർത്താവുമായി വേർപിരിഞ്ഞ് കഴിയുന്ന യുവതി കഴിഞ്ഞ കുറച്ച് കാലങ്ങളായി യുവാവിനൊപ്പമാണ് താമസിച്ചിരുന്നത്. ഇവരുടെ മൂത്ത രണ്ട് കുട്ടികൾ പിതാവിനൊപ്പമാണ് കഴിഞ്ഞിരുന്നത്. ഇളയ കുട്ടി മാത്രമാണ് യുവതിക്കൊപ്പമുണ്ടായിരുന്നത്. ബന്ധത്തിന് മകൻ തടസമാകുമെന്ന് കണ്ട പ്രതി യുവതി ജോലിക്ക് പോകുന്ന വേളകളിൽ നിരന്തരം മർദ്ദിക്കുകയായിരുന്നു. തന്നെ മർദ്ദിക്കുന്നുണ്ടെന്ന് കുട്ടി അമ്മയോട് പറഞ്ഞിരുന്നതായും തുടർന്ന് യുവതി പ്രതിക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായും പൊലീസ് പറയുന്നു. എന്നാൽ അതിനുശേഷവും പ്രതി കുട്ടിയെ അതിക്രൂരമായി ആക്രമിക്കുകയായിരുന്നു.

ജൂലൈ 17-ന് പ്രതി ചപ്പാത്തി പലകകൊണ്ട് കുട്ടിയെ മർദ്ദിച്ചു. താഴെ വീണ കുട്ടിയെ ചവിട്ടുകയും ചെയ്തു. ആക്രമണത്തിൽ ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റു. ഇതോടെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നില ഗുരുതരമായതിനെത്തുടര്‍ന്ന് കുട്ടിയെ ആദ്യം ഉല്ലാസ് നഗറിലെ സെന്‍ട്രല്‍ ആശുപത്രിയിലും പിന്നീട് സിയോണ്‍ ആശുപത്രിയിലും, തുടര്‍ന്ന് മുംബൈയിലെ കെഇഎം ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്.

അപരിചിതരായ ആളുകളാണ് കുട്ടിയെ ആക്രമിച്ചതെന്ന് പറഞ്ഞ് അന്വേഷണത്തിന്റെ ​ഗതിമാറ്റാൻ ശ്രമം നടത്തിയെങ്കിലും യുവാവിന്റെ മൊഴികളിലെ വൈരുദ്ധ്യം പൊലീസിന് സംശയത്തിന് വഴിവെച്ചു. തുടർന്ന് കസ്റ്റഡിയിൽ എടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. സംഭവത്തിൽ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് പറഞ്ഞു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article