മോര്‍ഫ് ചെയ്ത അശ്ലീല ചിത്രം പ്രചരിപ്പിച്ച പ്രതിക്കെതിരെ ചുമത്തിയത് നിസ്സാര വകുപ്പ്

News Desk
1 Min Read

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ മൂന്നാം വര്‍ഷ എം ബി ബി എസ് വിദ്യാര്‍ഥി അബേല്‍ പിടിയിലായെങ്കിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷനുമുമ്പില്‍ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം. പ്രതിക്കെതിരെ ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത് എന്നാരോപിച്ചായിരുന്നു രാത്രി വൈകിയും വിദ്യാര്‍ഥി പ്രതിഷേധം.

പരാതിക്കാരായ എല്ലാ വിദ്യാര്‍ഥിനികളുടേയും മൊഴി രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ഥികള്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിയത്. മൊഴി നല്‍കാന്‍ കയറിയ വിദ്യാര്‍ഥിനികളുടെ വീഡിയോ ചില പോലീസുകാര്‍ അനുമതിയില്ലാതെ പകര്‍ത്തി. ഇതോടെ വിദ്യാര്‍ഥി പ്രതിഷേധത്തിന്റെ രീതി മാറി.

സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങളാണ് അബേല്‍ പ്രചരിപ്പിച്ചത്. സംഭവത്തില്‍ കൂടുതല്‍ പരാതികളുമായാണ് പെണ്‍കുട്ടികള്‍ പോലീസിനെ സമീപിച്ചത്. നിസ്സാര വകുപ്പ് ചുമത്തിയതിനാല്‍ അബേലിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ഈ കേസുകളിലെല്ലാം പ്രതി ഒരാളായതിനാല്‍ ഒരു എഫ്ഐആര്‍ മാത്രമേ എടുക്കാനാകൂ എന്നാണ് പോലീസ് വിശദീകരിക്കുന്നത്.

സീനിയര്‍ വിദ്യാര്‍ഥികളുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്നെടുത്ത് ഇയാള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു. ആറോളം വിദ്യാര്‍ഥികളാണ് ഇയാള്‍ക്കെതിരെ പരാതി സമര്‍പ്പിച്ചിരിക്കുന്നത്. അബേലിനെതിരെ ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ചുമത്തണമെന്നാണ് പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികളുടെ ആവശ്യം.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article