റിയാദ്: സഊദി അറേബ്യയിലെ തെക്കൻ പ്രവിശ്യയായ അബഹയിൽ മലയാളി നഴ്‌സ് ന്യുമോണിയ ബാധിച്ച് മരിച്ചു. എറണാകുളം മീൻപാറ ആറ്റുപുറത്ത് വീട്ടിൽ സീന ഉതുപ്പ് (42) ആണ് മരിച്ചത്. അസീർ സെൻട്രൽ ആശുപത്രിയിൽ കഴിഞ്ഞ 16 വർഷമായി സ്റ്റാഫ് നഴ്‌സായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ജോലി ചെയ്യുന്നതിനിടയിലാണ് സീനയ്ക്ക് ന്യുമോണിയ ബാധിക്കുന്നത്.
രോഗം ബാധിച്ചതിനെ തുടർന്ന് ഇവരെ ഇതേ ആശുപത്രിയിൽ തന്നെ പ്രവേശിപ്പിച്ചു. എന്നാൽ പിന്നീട് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കഴിഞ്ഞ മൂന്ന് മാസമായി തീവ്രപരിചരണ വിഭാഗത്തിൽ വെൻറിലേറ്ററിെൻറ സഹായത്തോടെ ചികിത്സയിലായിരുന്നു. ആരോഗ്യനില അതീവ വഷളായതിനെ തുടർന്ന് ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഭർത്താവ്: ഷിബിൻ മാത്യു (കോലഞ്ചേരി സ്വദേശി, അബഹയിലെ യു.പി.എസ് കൊറിയർ കമ്പനി ജീവനക്കാരൻ). മക്കൾ: അന്നലിയ, അലോണ. മാതാപിതാക്കൾ: ഉതുപ്പ് (പിതാവ്), സരളമ്മ (മാതാവ്). സീനയുടെ മൃതദേഹം നിയമനടപടികൾക്ക് ശേഷം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഭർത്താവ് ഷിബിൻ മാത്യുവിനൊപ്പം പ്രമുഖ സാമൂഹിക പ്രവർത്തകൻ ഹനീഫ് മഞ്ചേശ്വരവും സുഹൃത്ത് ബിനുവും ആവശ്യമായ നിയമനടപടികളുമായി രംഗത്തുണ്ട്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
