ലക്നൗ: പെട്രോളടിക്കാനായി പമ്പിലെത്തിയ യുവാവിന്റെ രണ്ട് കയ്യും അക്രമികൾ വെട്ടിമാറ്റി. ഉത്തർപ്രദേശിലെ മഹോബയിലുള്ള ഒരു പമ്പിൽവച്ചാണ് ജയ്വേന്ദ്ര സിങ്(28) എന്ന യുവാവ് ആക്രമണത്തിന് ഇരയായത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണു സംഭവം. കോടാലി ഉപയോഗിച്ചാണ് അക്രമികൾ യുവാവിന്റെ കൈകൾ രണ്ടും വെട്ടിയത്.
വാഹനത്തിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ പമ്പിലെത്തിയ അക്രമി സംഘം ജയ്വേന്ദ്ര സിങ്ങുമായി തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. തുടർന്നുണ്ടായ ആക്രമണത്തിൽ യുവാവിന്റെ രണ്ട് കൈകൾ അറ്റുപോകുകയും കാലിനു ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. മൂർച്ചയുള്ള ആയുധം കൊണ്ട് അക്രമിസംഘം യുവാവിന്റെ തലയ്ക്കും പരുക്കേൽപ്പിച്ചിട്ടുണ്ട്. ആക്രമണത്തിൽ സ്ഥലത്തെ ഒരു രാഷ്ട്രീയ നേതാവിനു ബന്ധമുണ്ടെന്ന് അക്രമത്തിനിരയായ യുവാവിന്റെ കുടുംബം ആരോപിച്ചു. എന്നാൽ ഇവരുമായി ജയ്വേന്ദ്ര സിങ്ങിനു മുൻപ് ബന്ധമുണ്ടായിരുന്നില്ല.
പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പമ്പിലെ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു. അക്രമിസംഘത്തിലെ ഒരാളെ പിടികൂടി. അതേസമയം, ജയ്വേന്ദ്ര സിങ് ഇനിയും അപകടനില തരണം ചെയ്തിട്ടില്ലെന്നാണു യുവാവിനെ ചികിത്സിക്കുന്ന ആശുപത്രിയിൽനിന്നു ലഭിക്കുന്ന വിവരം.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
