അടൂർ: അടൂർ കോട്ടുമുകൾ ഷിനാസ് മൻസിലിൽ ഷെഹന (31) യുടെ പോസ്റ്റുമോർട്ടം റിപ്പോർട് പുറത്ത്. ഷെഹനയുടേത് തൂങ്ങിമരണം തന്നെയെന്ന് പോസ്റ്റുമോർട്ടത്തിൽ പറയുന്നു.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോലീസ് സർജനാണ് പോസ്റ്റ്മോർട്ടം നടത്തിയത്. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ ഷെഹനയുടെ മൃതദേഹം വീട്ടിലെ സ്റ്റെയർ കെയ്സിന്റെ പിടിയിൽ ഷാളിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. അതേസമയം, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം പറയുന്നു.
മരണത്തിൽ ദുരൂഹതയുണ്ടെന്നും കുടുംബം ആരോപിച്ചു. പൊലീസ് കസ്റ്റഡിയിലെടുത്ത സുഹൃത്ത് ഷെഹനയെ കൊലപ്പെടുത്തിയതെന്നാണ് കുടുംബത്തിന്റെ പ്രധാന ആരോപണം. സംഭവത്തിൽ, യുവതിയുടെ സുഹൃത്തും ഏഴംകുളം സ്വദേശിയുമായ യുവാവ് നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. തിങ്കൾ രാത്രി ഏഴോടെ വീടിനുള്ളിലെ കിടപ്പുമുറിയിലായിരുന്നു ഷെഹനയുടെ മൃതദേഹം കണ്ടത്. ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു ഇവർ.
ഷെഹനയുടെ വീട്ടിൽ നിന്നും ബഹളം കേട്ട് അയൽവാസികൾ അടൂർ നഗരസഭ കൗൺസിലർ നശ്മൽ കാവിളയെ വിവരം അറിയിച്ചു. തുടർന്ന് നശ്മൽ വീട്ടിലെത്തി വീടിനുള്ളിൽ ഉണ്ടായിരുന്ന യുവാവിനോട് കതക് തുറക്കാൻ ആവശ്യപ്പെട്ടു. കതക് തുറന്നതോടെ വീടിനുള്ളിലെ സ്റ്റെയർ കെയസിൻ്റെ പിടിയിൽ ഷാളിൽ ഷെഹനയെ തൂങ്ങി നിൽക്കുന്ന നിലയിലാണ് കണ്ടത്. ഈ സമയത്ത് ഷെഹനയുടെ സുഹൃത്ത് വീട്ടിൽ ഉണ്ടായിരുന്നു.
ഷെഹനയുടെ ദേഹത്തുനിന്ന് ചോര വരുന്നുണ്ടായിരുന്നു. ഷാൾ കുരുങ്ങിയപ്പോൾ കഴുത്തിലെ ഞരമ്പുകൾ പൊട്ടി മൂക്കിൽ കൂടി ചോര വന്നതാകാമെന്നാണ് പൊലീസിന്റെ നിഗമനം. സുഹൃത്തുക്കളുമൊത്ത് മൊബൈൽ ഫോണിൽ എടുത്ത ചിത്രത്തെച്ചൊല്ലി താനും ഷെഹനയുമായി തർക്കം ഉണ്ടായി. ഇതിനിടെ ഷെഹന മുറിക്ക് പുറത്തേക്കുപോയി. പിന്നീട് ശബ്ദം കേട്ട് ചെന്നുനോക്കുമ്പോൾ ഷെഹന തൂങ്ങി നിൽക്കുന്നത് കണ്ടെന്നുമാണ് യുവാവ് നൽകിയ മൊഴി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
