അഹമ്മദാബാദ്: ഗുജറാത്തിലെ പടാൻ ജില്ലയിൽ 5,000 രൂപയുടെ കടം തിരിച്ചടയ്ക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവതിയെ അയൽവാസി പെട്രോൾ ഒഴിച്ച് തീകൊളുത്തി. 35കാരിയായ പിങ്കി ബെൻ പട്ണിയാണ് കൊല്ലപ്പെട്ടത്.
ഏഴുവർഷം മുൻപാണ് പിങ്കിയുടെ ഭർത്താവ് മരിച്ചത്. രണ്ട് കുട്ടികളാണ് പിങ്കിയ്ക്കുള്ളത്. വീട്ടുചെലവുകൾക്കായാണ് ഒരുമാസം മുൻപ് യുവതി അയൽവാസിയായ ബാബുഭായ് റാവലിന്റെ കയ്യിൽ നിന്ന് 5000 രൂപ കടം വാങ്ങിയത്. പലിശ ചോദിച്ച് റാവൽ നിരന്തരം വീട്ടിലെത്തി പിങ്കിയെ പീഡിപ്പിച്ചിരുന്നെന്ന് കുടുംബം ആരോപിച്ചു. തർക്കം തീർക്കാനായി വിളിച്ചു വരുത്തിയാണ് യുവതിയെ കൊലപ്പെടുത്തിയത്.
പിങ്കിയുടെ കുടുംബം പറയുന്നതനുസരിച്ച് പണത്തെ ചൊല്ലി റാവലും പിങ്കിയും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇത് പറഞ്ഞ് തീർക്കാനായി സമീപവാസിയായ ജിതുഭായ് പാഞ്ചലിന്റെ വീടിനടുത്തേക്ക് ബാബുഭായ് പിങ്കിയെ വിളിച്ചുവരുത്തി. അവിടെ വച്ച് പണം തിരികെ നൽകാൻ 2 ദിവസം കൂടി സമയം തരണമെന്ന് പിങ്കി അഭ്യർഥിച്ചു. എന്നാൽ റാവൽ അത് നിരസിച്ചു. ചായ എടുക്കാൻ പോകുന്നു, നമുക്ക് ഒന്നിച്ച് കുടിക്കാം എന്ന് പറഞ്ഞാണ് റാവൽ അവിടെ നിന്ന് പോയത്. എന്നാൽ പെട്രോൾ കുപ്പിയുമായാണ് അയാള് തിരികെ എത്തിയത്. അവിടെ വച്ച് യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
