സെക്യൂരിറ്റി ജീവനക്കാരനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

News Desk
1 Min Read

ബിലാസ്പൂർ: ഛത്തീസ്ഗഡിലെ ബിലാസ്പൂർ ജില്ലയിൽ സർക്കാർ നിരീക്ഷണ കേന്ദ്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി കൊലപ്പെടുത്തി നാല് അന്തേവാസികൾ തടവ് ചാടി. തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെ സർക്കണ്ടയിലെ സുരക്ഷിത കേന്ദ്രത്തിലാണ് (പ്ലേസ് ഓഫ് സേഫ്റ്റി) സംഭവം. അരാബന്ദ് ഗ്രാമവാസിയും കരാർ ജീവനക്കാരനുമായ നരേന്ദ്ര കുമാർ ഖാണ്ഡെ (40) ആണ് കൊല്ലപ്പെട്ടത്.

രക്ഷപ്പെടാനായി ഗേറ്റിന്റെ താക്കോൽ ചോദിച്ചപ്പോൾ നൽകാതിരുന്നതിനെത്തുടർന്ന് പ്രതികൾ ഖാണ്ഡെയെ മർദ്ദിക്കുകയും കൈകാലുകൾ കെട്ടിയിട്ട്, വായിൽ തുണി തിരുകി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

18 നും 20 നും മുകളിൽ പ്രായമുള്ള നാല് പ്രതികളും പ്രായപൂർത്തിയാകാത്ത സമയത്ത് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് ഇവിടെയെത്തിയവരാണ്. നിയമപ്രകാരം 21 വയസ്സ് തികയുന്നതുവരെയാണ് ഇവരെ ഇത്തരം കേന്ദ്രങ്ങളിൽ പാർപ്പിക്കുന്നത്. ഒളിച്ചോടിയവരിൽ മൂന്ന് പേർ വിചാരണ നേരിടുന്നവരും ഒരാൾ കൊലക്കേസ് പ്രതിയുമാണ്.

ഫോറൻസിക് വിദഗ്ധരുടെയും ഡോഗ് സ്ക്വാഡിന്റെയും സഹായത്തോടെ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രതികൾക്കായി സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് തിരച്ചിൽ തുടരുകയാണ്. കഴിഞ്ഞ ജൂൺ 23-ന് ഛത്തീസ്ഗഡിലെ സുർഗുജയിലെ മറ്റൊരു നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് 11 കുട്ടികൾ രക്ഷപ്പെട്ടതിന് പിന്നാലെയാണ് ഈ പുതിയ സംഭവം.

….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article