ദുബായ് : പശ്ചിമേഷ്യയിൽ അമേരിക്കൻ – ഇസ്രയേൽ സാമ്രാജ്യത്വ സഖ്യം അഴിച്ചുവിട്ട കടന്നാക്രമണങ്ങളെത്തുടർന്ന് ഹോർമുസ് കടലിടുക്കിൽ സുരക്ഷാ ആശങ്കകൾ വർധിച്ച സാഹചര്യത്തിൽ പുതിയ തുറമുഖ പദ്ധതിയുമായി യുഎഇ. കിഴക്കൻ തീരത്ത് പുതിയ തുറമുഖവും കണ്ടെയ്നർ ടെർമിനലും വികസിപ്പിക്കാൻ ദുബായ് സർക്കാർ ഉടമസ്ഥതയിലുള്ള തുറമുഖ, ലോജിസ്റ്റിക്സ് കമ്പനിയായ ഡിപി വേൾഡ് പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്.
സാമ്രാജ്യത്വ അധിനിവേശ നീക്കങ്ങളും അനിശ്ചിതത്വങ്ങളും കാരണം ഹോർമുസ് കടലിടുക്കിനെ ആശ്രയിക്കുന്നത് കുറയ്ക്കുകയാണ് ഈ തന്ത്രപ്രധാന നീക്കത്തിലൂടെ യുഎഇ ലക്ഷ്യമിടുന്നത്. ഫുജൈറയിൽ പുതിയ മൾട്ടിപർപ്പസ് തുറമുഖവും നിലവിലുള്ള ഫുജൈറ തുറമുഖത്ത് പുതിയ കണ്ടെയ്നർ ടെർമിനലും നിർമിക്കുന്നതിനായി ഡിപി വേൾഡ് അധികൃതരുമായി ചർച്ചകൾ നടത്തിവരികയാണ്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ കണ്ടെയ്നർ ഹബ്ബും ദുബായുടെ ആഗോള വ്യാപാരത്തിന്റെ പ്രധാന തൂണുമായ ജബൽ അലി തുറമുഖത്തെ കേന്ദ്രീകരിച്ച് ദീർഘകാലമായി പ്രവർത്തിക്കുന്ന ഡിപി വേൾഡിനെ സംബന്ധിച്ചിടത്തോളം ഈ പദ്ധതി വലിയൊരു ബിസിനസ് വൈവിധ്യവൽക്കരണമാണ്.
ലോകത്തിലെ എണ്ണ, വാതക വിതരണത്തിന്റെ ഭൂരിഭാഗത്തോളം കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ വീണ്ടും അടയ്ക്കുകയും മേഖലയിൽ അനിശ്ചിതത്വം പടരുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ തുറമുഖത്തെക്കുറിച്ച് യുഎഇ ചിന്തിച്ചത്. ഫെബ്രുവരിയിൽ ആരംഭിച്ച യുഎസ് – ഇസ്രയേൽ സാമ്രാജ്യത്വ സഖ്യത്തിന്റെ ഇറാൻ വിരുദ്ധ സംഘർഷത്തിന് പിന്നാലെ ഈ ജലപാതയിലൂടെയുള്ള കപ്പൽ ഗതാഗതം കടുത്ത ഭീഷണി നേരിടുന്നുണ്ട്.
താൽക്കാലിക വെടിനിർത്തലിനെത്തുടർന്ന് കപ്പൽ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചിരുന്നെങ്കിലും സാമ്രാജ്യത്വ ശക്തികളുടെ പുതിയ നീക്കങ്ങളോടെ സ്ഥിതി വീണ്ടും വഷളാവുകയായിരുന്നു. ഒമാൻ ഉൾക്കടലിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന പുതിയ തുറമുഖം വഴി കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിൽ പ്രവേശിക്കാതെ തന്നെ യുഎഇയിലേക്ക് ചരക്കുകൾ എത്തിക്കാനും തിരികെ കൊണ്ടുപോകാനും സാധിക്കും. ഇവിടെയെത്തുന്ന കണ്ടെയ്നറുകൾ റോഡ് മാർഗ്ഗം ദുബായ്, അബുദാബി തുടങ്ങിയ മറ്റ് ഗൾഫ് നഗരങ്ങളിലേക്ക് എത്തിക്കാനാണ് പദ്ധതി.
സാമ്രാജ്യത്വ സൈനിക നടപടികൾ കാരണം സമ്പദ്‌വ്യവസ്ഥയ്ക്കും അടിസ്ഥാന സൗകര്യങ്ങൾക്കും ഉണ്ടാകുന്ന തടസങ്ങൾ കുറയ്ക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനുമുള്ള യുഎഇയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ തന്ത്രപ്രധാന നീക്കം. യുഎസ് – ഇസ്രയേൽ സൈനിക നടപടികൾക്ക് മറുപടിയായി ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ ജബൽ അലിയിലെ വ്യാപാര പ്രവർത്തനങ്ങളിൽ 90 മുതൽ 95 ശതമാനം വരെ വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇതാണ് ബദൽ വ്യാപാര പാതകൾ കണ്ടെത്താനുള്ള ശ്രമങ്ങൾ വേഗത്തിലാക്കാൻ ഡിപി വേൾഡിനെ പ്രേരിപ്പിച്ചത്. യുദ്ധത്തിന് മുൻപ് പ്രതിദിനം നൂറ്റിമുപ്പത്തിയഞ്ചോളം കപ്പലുകൾ കടന്നുപോയിരുന്ന ഈ കടലിടുക്കിലൂടെ പിന്നീട് സർവീസുകൾ പുനഃസ്ഥാപിച്ചപ്പോൾ കപ്പലുകളുടെ എണ്ണം നാല്പതിൽ താഴെയായി ചുരുങ്ങിയിരുന്നു. പുതിയ ആക്രമണങ്ങൾ കപ്പൽ ഗതാഗതത്തെ കൂടുതൽ ദോഷകരമായി ബാധിച്ചിട്ടുണ്ട്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
