ആലപ്പുഴ: ഉസ്ബക്കിസ്ഥാനിൽ സുഹൃത്ത് ലാപ്ടോപ് ഉപയോഗിച്ച് തലക്കടിച്ചുകൊന്ന മലയാളി വിദ്യാർഥിയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യും. ഹരിപ്പാട് പിലാപ്പുഴ പുതുക്കാട്ട് സുപ്രഭാ ഭവനത്തിൽ ബസന്ത്–മിനി സുപ്രഭ ദമ്പതികളുടെ മകൾ സാവരിയ ബസന്ത് (21) ആണ് കൊല്ലപ്പെട്ടത്.
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യുന്നത്. മരണത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സവരിയയുടെ അച്ഛൻ പൊലീസിൽ പരാതി നൽകിയരുന്നു. തുടർന്നാണ് വീണ്ടും പോസ്റ്റുമോർട്ടം നടത്തുന്നത്. ഹരിപ്പാട് പൊലീസ് ഇൻക്വെസ്റ്റ് നടപടികൾ ആരംഭിച്ചു. പോസ്റ്റുമോർട്ടം നടപടികൾ മുഴുവനായും വീഡിയോ ചിത്രീകരിക്കും.
ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിയായിരുന്നു. വെള്ളിയാഴ്ചയായിരുന്നു സംഭവം. സവരിയയുടെ മരണവുമായി ബന്ധപ്പെട്ട് സഹപാഠിയും മലപ്പുറം പെരിന്തൽമണ്ണ കാട്ടുപ്പാറ എരുവത്ത് കിഴക്കേതൊടിയിൽ സ്വദേശിയുമായ സദറുൽ ആനം (23) ഉസ്ബക്കിസ്ഥാനിൽ പൊലീസ് കസ്റ്റഡിയിലായി.
സാവരിയയുടെ അടുത്ത സുഹൃത്തായിരുന്ന സദറുൽ ആനം സംസാരിക്കുന്നതിനിടെ പെട്ടെന്ന് പ്രകോപിതനായി കൈയിലുണ്ടായിരുന്ന ലാപ്ടോപ്പ് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു എന്നാണ് വിവരം. അടിയേറ്റ് ബോധരഹിതയായി നിലത്തുവീണ സാവരിയയെ സദറുൽ ആനം തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഡിസംബർ ആദ്യമാണ് സവരിയ എംബിബിഎസ് പഠനത്തിനായി ഉസ്ബക്കിസ്ഥാനിലെത്തിയത്. മരണവിവരം അറിഞ്ഞ് ദുബായിൽ ജോലി ചെയ്യുന്ന സാവരിയയുടെ ചിറ്റപ്പൻ ഉസ്ബക്കിസ്ഥാനിലെത്തി നിയമനടപടികൾ പൂർത്തിയാക്കി. എംബാം ചെയ്ത മൃതദേഹം ചൊവ്വാഴ്ച പുലർച്ചെ ഡൽഹി വിമാനത്താവളത്തിലെത്തിച്ചു. തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി.
സാവരിയയുടെ മരണവിവരം അറിഞ്ഞ് കുവൈത്തിലായിരുന്ന അച്ഛൻ ബസന്ത് നാട്ടിലെത്തിയിരുന്നു. സംഭവത്തിൽ ഉസ്ബക്കിസ്ഥാൻ പൊലീസ് അന്വേഷണം തുടരുകയാണ്.
…
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
