പോലീസ് ക്യാംപിൽ പരസ്യ മദ്യപാനം; മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

News Desk
1 Min Read

കൊച്ചി: തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് ക്യാംപിൽ പരസ്യമായി മദ്യപിച്ച മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കെഎപി ഒന്നാം ബറ്റാലിയനിലെ ഉദ്യോഗസ്ഥരായ കെ.യു. അഭിലാഷ്, എൻ.നവാസ്, എം.വിഷ്ണു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

ഹിൽപാലസ് പൊലീസ് ക്യാംപിൽ നടന്ന പതിവ് പരിശോധനയ്ക്കിടെയാണ് ഇവരെ മദ്യപിച്ച നിലയിൽ കണ്ടെത്തിയത്. ഇവരിൽ നിന്നും മദ്യക്കുപ്പിയും ഗ്ലാസും പിടിച്ചെടുത്തു.

പരിശോധനയ്ക്കായി കൊണ്ടു പോകുന്നതിനിടെ അഭിലാഷ് പൊലീസുകാരെ തള്ളി മാറ്റി ഓടി രക്ഷപ്പെട്ടു. നവാസിനെയും വിഷ്ണുവിനെയും ഹിൽപാലസ് സ്റ്റേഷനിൽ എത്തിച്ച് ബ്രെത്ത് അനലൈസർ പരിശോധനയും തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ പരിശോധനയും നടത്തി.

ഇരുവരും മദ്യപിച്ചതായി സ്ഥിരീകരിച്ചു. തുടർന്ന് അന്വേഷണം നടത്തിയ അസിസ്റ്റൻ്റ് കമാൻ്റൻ്റ് മൂന്ന് ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്യുകയായിരുന്നു. ഇന്നലെ രാവിലെ ഏഴ് മണിക്കാണ് സംഭവം ഉണ്ടായത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article