കൊല്ലം: കൊട്ടാരക്കര നീലേശ്വരം ടിപ്പർ അപകടത്തിൽ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. കരുനാഗപ്പള്ളി സബ് ആർടിഒയിലെ രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സുധിൻ ഗോപി, അസിസ്റ്റന്റ് എംവിഐ ശരത് എസ്. കുമാർ എന്നിവർക്കെതിരെയാണ് നടപടി.
കൃത്യമായ പരിശോധനയില്ലാതെ ടിപ്പറിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ. ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലിൽ മണ്ണുമായി പോകുമ്പോൾ ലോറി മറിഞ്ഞിരുന്നു.
അതേസമയം, പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ഐസിയുവിൽ തുടരുന്നതിനാൽ ടിപ്പർ ലോറി ഡ്രൈവറുടെ മൊഴിയെടുക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. അപകടത്തിൽ മരിച്ച സ്വകാര്യ കോളേജ് അധ്യാപകൻ ഹരിലാൽ, കാർമ്മൽ സ്കൂളിലെ പാർഥിപ് എന്നിവരുടെ സംസ്കാരം ഇന്ന് നടക്കും.
കഴിഞ്ഞ ദിവസം രാവിലെയാണ് കൊട്ടാരക്കര നീലേശ്വരം മുക്കോലിമുക്കില്‍ ടിപ്പര്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി മൂന്ന് പേര് മരിച്ചത്. സ്വകാര്യ കോളേജ് അധ്യാപകന് ഹരിലാല്‍ (54), കാര്‍മല്‍ സ്കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി പാര്‍ത്ഥിപ്, അജയകുമാര്‍ (50) എന്നിവരായിരുന്നു മരിച്ചത്.
ലോറി ഡ്രൈവറെയും ക്ലീനറെയും വാഹനം വെട്ടിപ്പൊളിച്ച് പുറത്തെടുക്കുകയായിരുന്നു. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ടിപ്പര്‍ ലോറിയുടെ അമിത വേഗതയും അപകടത്തിന് കാരണമായെന്നാണ് പ്രാഥമിക വിവരം.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
