മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തില്‍ സ്വർണക്കവർച്ചയ്ക്കായി എത്തിയ 14പേരെ പൊലീസ് അറസ്റ്റ്ചെയ്തു. വിദേശത്തുനിന്നെത്തുന്ന യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി പണവും സ്വർണവും കവരാന്‍ പദ്ധതിയിട്ട ഒരു സ്ത്രീ ഉള്‍പ്പെട്ട സംഘമാണ് ഞായറാഴ്ച രാത്രി കരിപ്പൂര്‍ പൊലീസിന്റെ പിടിയിലായത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്.
കർണാടക വീരാജ്പേട്ട സ്വദേശി എൻ എ അഭിഷേക് (31), കണ്ണൂർ മുഴക്കുന്ന് സ്വദേശി കെ പി ജുനൈദ് (27), കാക്കയങ്ങാട് മുഴക്കുന്ന് സ്വദേശികളായ വി ശരത്ത് (35), കെ കെ കനഗരാജ് (28), കെ കെ അക്ഷയ് (26), കെ ധനീഷ് (29), തില്ലങ്കേരി സ്വദേശി ടി രഞ്ജിത്ത് (41), ചക്കരക്കല്ല് സ്വദേശി താജുദ്ദീൻ (32), വാരം സ്വദേശി ഷാരോൺ (23), കൂത്തുപറമ്പ് സ്വദേശി കെ സ്വരലാൽ (38) തിരൂർ പുതിയ കടപ്പുറം സ്വദേശി റിയാസ് (29), ബേപ്പൂർ സ്വദേശി പി സുജിത്ത് (26), വളാഞ്ചേരി തിരുവേഗപ്പുര സ്വദേശി എ കെ ഇർഫാൻ (26) എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായ സ്ത്രീയുടെ വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല.
വിമാനത്താവളത്തിലെ പാർക്കിങ് ഏരിയയിലും അന്താരാഷ്ട്ര ആഗമന ടെർമിനലിലും വിവിധ സംഘങ്ങളായി നിലയുറപ്പിച്ച നിലയിലായിരുന്നു പ്രതികള്‍. ഇവര്‍ സഞ്ചരിച്ച രണ്ട് ഇന്നോവ കാറും ഒരു സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. 14 മൊബൈല്‍ ഫോണും പിടിച്ചെടുത്തു. കവർച്ച ആസൂത്രണം ചെയ്ത വാട്സാപ്പ് ചാറ്റ് കണ്ടെത്തി. സൗദിയില്‍ ജോലിചെയ്യുന്ന കണ്ണൂര്‍ പടന്നോട്ട് സ്വദേശി കൈപ്പേക്കണ്ടി അൻസാർ, പരപ്പനങ്ങാടി പുത്തന്‍കടപ്പുറം സ്വദേശി അലി അക്ബർ എന്നിവരുടെ നിർദേശപ്രകാരമാണ് കവർച്ചാസംഘം വിമാനത്താവളത്തിലെത്തിയത്. കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം നടക്കുകയാണ്.
..
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
