- ഉപദ്രവം അമ്മയുടെ സാന്നിധ്യത്തിലും
- കരച്ചിൽ പുറത്തുകേൾക്കാതിരിക്കാനായി വായിൽ തുണി തിരുകും
- കുഞ്ഞിനെ മർദിക്കാനും പൊള്ളിക്കാനും ഉപയോഗിച്ച സാധനങ്ങൾ തോട്ടിലേക്ക് വലിച്ചെറിഞ്ഞെന്നും ബാക്കിയുള്ളവ കത്തിച്ചുകളഞ്ഞെന്നും മൊഴി
- അഷ്കർ സ്ഥിരം കുറ്റവാളി; നിരവധി കേസുകളിലെ പ്രതി
നെടുമങ്ങാട്: തന്റെ ജീവിതത്തിൽ അഖിലയുടെ കുഞ്ഞ് ബാധ്യതയാകുമെന്ന് കരുതിയാണ് ഒന്നരവയസ്സുകാരൻ അർഷിതിനെ കൊല്ലാൻ തീരുമാനിച്ചതെന്ന് രണ്ടാനച്ഛൻ അഷ്കർ. മൂന്നുമാസത്തെ നിരന്തര പീഡനത്തിലൊടുവിലാണ് കുഞ്ഞ് മരിച്ചത്. പനവൂർ കരിക്കുഴി നെല്ലിക്കുന്ന് അർച്ചിതം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അഷ്കറാണ് (31) പേലീസിനോട് കൊലപാതകക്കുറ്റം സമ്മതിച്ചത്. വെള്ളിയാഴ്ചയാണ് ഒന്നരവയസ്സുകാരൻ അർഷിത് മരിച്ചത്. അർഷിതിന്റെ അമ്മ അഖിലയെയും (21) കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തന്റെയും അഖിലയുടെയും സ്വൈര്യജീവിതത്തിന് തടസ്സമാകുമെന്ന് കണ്ട് അർഷിതിനെ ഒഴിവാക്കാൻ മൂന്നുമാസം മുൻപ് തീരുമാനിച്ചിരുന്നുവെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. ഒരു മാസത്തോളമായി നിരന്തരമായി കുഞ്ഞിനെ ഉപദ്രവിച്ചിരുന്നു.
അമ്മ അഖിലയുടെ സാന്നിധ്യത്തിലായിരുന്നു പലപ്പോഴും അർഷിതിനെ പീഡിപ്പിച്ചിരുന്നത്. കരച്ചിൽ പുറത്തുകേൾക്കാതിരിക്കാനായി വായിൽ തുണി തിരുകിയാണ് ഉപദ്രവിച്ചിരുന്നത്. ശനിയാഴ്ച അഖില വീട്ടിലുണ്ടായിരുന്നില്ല. ഈ സമയത്ത് കുഞ്ഞ് കരഞ്ഞപ്പോൾ തലയിൽ അടിക്കുകയായിരുന്നു. ബോധമില്ലാതായതോടെ അർഷിതിന്റെ ജീവൻ നഷ്ടമായെന്ന് ഉറപ്പിച്ചു. പിന്നീട് ചോറ് തൊണ്ടയിൽ കുടുങ്ങിയെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. വീടും പരിസരവും വൃത്തിയാക്കി തെളിവുകൾ നശിപ്പിച്ചശേഷമാണ് ആശുപത്രിയിലേക്ക് പോയത്.
ഞായറാഴ്ച രാവിലെ അഷ്കറിനെ തെളിവെടുപ്പിനായി പോലീസ് കരിക്കുഴിയിൽ എത്തിച്ചു. കുഞ്ഞിനെ ഉപദ്രവിച്ചതുൾപ്പെടെ സംഭവങ്ങൾ ഭാവഭേദമില്ലാതെ തന്നെ അഷ്കർ പോലീസിനോട് വിവരിച്ചു. പലപ്പോഴായി കുഞ്ഞിനെ മർദിക്കാനും പൊള്ളിക്കാനും ഉപയോഗിച്ച സാധനങ്ങൾ തോട്ടിലേക്ക് വലിച്ചെറിഞ്ഞെന്നും ബാക്കിയുള്ളവ കത്തിച്ചുകളഞ്ഞെന്നും ഇയാൾ മൊഴി നൽകി. തെളിവെടുപ്പിന് എത്തിക്കുന്നതറിഞ്ഞ് പ്രദേശത്ത് വൻജനക്കൂട്ടമാണ് തടിച്ചുകൂടിയത്. തെളിവെടുപ്പിനിടെ നാട്ടുകാർ കമ്പും കല്ലുമായി അഷ്കറിനെ ആക്രമിച്ചു. ഇയാളുടെ കാറും അടിച്ചുതകർത്തു. അക്രമാസക്തരായ ആളുകളെ ലാത്തിവീശി മാറ്റിയശേഷമാണ് പോലീസ് തെളിവെടുപ്പ് പൂർത്തിയാക്കിയത്.
അഖിലയുടെ ഭർത്താവ് അഖിൽ മരിച്ചശേഷമാണ് അർഷിത് ജനിക്കുന്നത്. ഇതിനുശേഷമാണ് അഖില ടാക്സി ഡ്രൈവറായ അഷ്കറിനൊപ്പം താമസിക്കാൻ തുടങ്ങിയത്. മുൻഭാര്യയെ ആക്രമിച്ചതുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് അഷ്കർ.
‘അഷ്കറിനെ കുഞ്ഞിന് ഭയമായിരുന്നു’’
‘‘അഷ്കറിനെ കാണുമ്പോൾ കുഞ്ഞ് കരയുമായിരുന്നു. അന്നേ സംശയം തോന്നിയിരുന്നു’’- നെടുമങ്ങാട് രണ്ടാനച്ഛന്റെ ക്രൂരമർദനമേറ്റ് മരിച്ച ഒന്നര വയസ്സുകാരന്റെ അമ്മൂമ്മ റീനയുടെ വാക്കുകൾ. കുഞ്ഞിനെതിരായ ക്രൂരതകൾക്ക് മകളും കൂട്ടുനിന്നുവെന്നാണ് വിശ്വസിക്കുന്നതെന്നും റീന പറഞ്ഞു. അഷ്കറുമായുള്ള അഖിലയുടെ ബന്ധത്തെ അമ്മ റീന എതിർത്തിരുന്നു. കുഞ്ഞിനെ നോക്കുന്നവർക്ക് മാത്രമേ മകളെ വിവാഹം കഴിച്ചുനൽകുകയുള്ളൂവെന്ന് പറഞ്ഞിരുന്നു. എന്നാൽ, ഇരുവരും ബന്ധം തുടർന്നു. പിന്നീട് തമിഴ്നാട്ടിലെ ഒരു ക്ഷേത്രത്തിൽ വെച്ച് താലികെട്ടിയതായാണ് മകൾ തന്നോട് പറഞ്ഞതെന്ന് റീന പറയുന്നു.
പിന്നീട് നന്ദിയോടുള്ള വാടകവീട്ടിലാണ് അഷ്കറിനും കുഞ്ഞിനുമൊപ്പം അഖില കഴിഞ്ഞിരുന്നത്. മകളോട് കുഞ്ഞിനെ കാണണമെന്ന ആഗ്രഹം ഇടയ്ക്ക് പറഞ്ഞിരുന്നു. ഒരു ദിവസം കുഞ്ഞുമായി അഖില വീട്ടിൽ വന്നു. താൻ ഡാൻസ് പ്രോഗ്രാമിന് പോകുകയാണെന്നും കുഞ്ഞിനെ നോക്കണമെന്നും പറഞ്ഞു. അങ്ങനെ കുറേക്കാലം കുഞ്ഞ് വീട്ടിലുണ്ടായിരുന്നു. താൻ ജോലിക്ക് പോയിരുന്ന സമയത്ത് 75 വയസ്സുള്ള അമ്മയാണ് കുഞ്ഞിനെ നോക്കിയിരുന്നതെന്നും റീന പറഞ്ഞു. കുഞ്ഞിന് പനി വന്ന് വളരെ കൂടുതലായ സമയത്തുപോലും അഖില കുഞ്ഞിനെ അന്വേഷിക്കാൻ കൂട്ടാക്കിയിരുന്നില്ല. തുടർന്ന് പോലീസിനെ സമീപിച്ചു. പോലീസ് ഇടപെട്ടാണ് അന്ന് കുഞ്ഞിനെ അഖിലയെ ഏൽപ്പിച്ചത്. അഷ്കറിന്റെ സഹോദരിയും കുടുംബവും താമസിച്ചിരുന്ന കരിക്കുഴിയിലെ വാടകവീട്ടിലാണ് അവർ പിന്നീട് താമസിച്ചിരുന്നത്.
മകളുടെ വാട്സാപ്പ് സ്റ്റാറ്റസ് കണ്ടാണ് കുഞ്ഞിന്റെ കൈയൊടിഞ്ഞ വിവരം അറിഞ്ഞത്. തുടർന്ന് കുഞ്ഞിനെ തിരികെ വേണമെന്നാവശ്യപ്പെട്ട് നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ റീന പരാതി നൽകിയിരുന്നു. സ്വസ്ഥമായി ജീവിക്കാൻ സമ്മതിക്കുന്നില്ലെന്ന് പറഞ്ഞ് അഖിലയും അമ്മ റീനയ്ക്കെതിരേ പോലീസിൽ പരാതി നൽകി. സ്റ്റേഷനിൽനിന്ന് വിളിച്ചതിനെത്തുടർന്ന് അവിടെയെത്തിയെങ്കിലും താൻ എത്തുന്നതിനുമുൻപ് അഖിലയും അഷ്കറും പോലീസ് സ്റ്റേഷനിൽനിന്ന് മടങ്ങിയെന്ന് റീന പറയുന്നു. അഷ്കർ കുഞ്ഞിനെ ഉപദ്രവിക്കാറുണ്ടെന്ന സംശയം അന്ന് പോലീസിനെ അറിയിച്ചിരുന്നു. കുഞ്ഞ് അമ്മയ്ക്കൊപ്പമായതിനാൽ അവർ സ്വമേധയാ കുഞ്ഞിനെ ഏൽപ്പിക്കാതെ ഒന്നും ചെയ്യാനാകില്ലെന്നാണ് പോലീസ് പറഞ്ഞതെന്നും റീന പറഞ്ഞു.
അഷ്കർ സ്ഥിരം കുറ്റവാളി; നിരവധി കേസുകളിലെ പ്രതി
ഒന്നരവയസ്സുള്ള കുഞ്ഞിനെ ക്രൂരമായി മർദിക്കുകയും ഒടുവിൽ കൊലപ്പെടുത്തുകയും ചെയ്ത പനവൂർ കരിക്കുഴി നെല്ലിക്കുന്നിൽ അഷ്കറിന്റെ പേരിൽ സ്ത്രീകളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകൾ. പല പരാതികളിലും പോലീസിന്റെ നിഷ്ക്രിയത്വമാണ് ഇയാളെ രക്ഷിക്കാൻ സഹായിച്ചത്. പണം തട്ടിപ്പും ആക്രമണവും അടക്കം നിരവധി പരാതികൾ ലഭിച്ചെങ്കിലും പോലീസ് കാര്യമായ ഇടപെടൽ നടത്തിയില്ല. ഇതാണ് ഒടുവിൽ ഒരു പിഞ്ചുകുഞ്ഞിന്റെ ജീവനെടുക്കുന്നതിലേക്ക് എത്തിച്ചത്. ഇയാൾ കൊടുംക്രമിനലാണെന്നാണ് നാട്ടുകാർ പറയുന്നത്.
അഷ്കർ ആദ്യം വിവാഹം കഴിച്ച ചുള്ളാളം അഞ്ചാംകല്ല് സ്വദേശി ആമിനയെ നിരന്തരം പീഡിപ്പിച്ചിരുന്നു. നിർബന്ധിച്ചു വിഷം കുടിപ്പിച്ചശേഷം കെട്ടിത്തൂക്കി കൊല്ലാനും ഒരിക്കൽ ശ്രമം നടത്തിയെന്ന് ആമിനയുടെ മാതാവ് പറയുന്നു. മർദനത്തിനിടയിൽ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പിന്നീട് ബ്രെയിൻ ട്യൂമർ ബാധിച്ച് ആമിന ഏറെക്കാലം ചികിത്സയിലായിരുന്നു. ദീർഘകാലം അബോധാവസ്ഥയിലായിരുന്ന ആമിന വിദഗ്ധചികിത്സകൾക്കു ശേഷമാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ ഇതുമായി ബന്ധപ്പെട്ട് ആമിനയുടെ ബന്ധുക്കൾ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.
ഇതിനുശേഷം ഒരു ഡാൻസ് ട്രൂപ്പിന്റെ വാഹനം ഓടിക്കുന്ന ജോലിയായിരുന്നു അഷ്കറിന്. ഇതിനിടെ പരിചയപ്പെട്ട ചിറയൻകീഴ് സ്വദേശിനിയുമായി അടുപ്പം സ്ഥാപിച്ചു. കുറച്ചുകാലം ഇവർ ഒരുമിച്ച് കഴിഞ്ഞിരുന്നുവെന്നാണ് സമീപവാസികൾ പറയുന്നത്. എന്നാൽ, ഒരു വർഷത്തിനുള്ളിൽ പെൺകുട്ടി ആത്മഹത്യ ചെയ്തു. രക്ഷിതാക്കളോ അടുത്ത ബന്ധുക്കളോ ഇല്ലാതിരുന്നതിനാൽ ആ കേസും തേഞ്ഞുമാഞ്ഞുപോയി.
ഇതിനുശേഷമാണ് അഖിലയും അഷ്കറും ഒരുമിച്ച് താമസിക്കാൻ തുടങ്ങിയത്. ഭർത്താവ് അഖിൽ മരിച്ചു ആറുമാസം കഴിഞ്ഞപ്പോഴാണ് അഖില അഷ്കറിനോടൊപ്പം താമസമാക്കിയത്. സുഹൃത്തുക്കളായ സ്ത്രീകളുടെ സ്വർണാഭരണങ്ങൾ വാങ്ങി പണയം വെച്ചശേഷം തിരിച്ചടുത്തു കൊടുത്തില്ലെന്ന കേസുകളും അഷ്കറിനെതിരേയുണ്ട്. കേസുകളിൽപ്പെടുമ്പോൾ നാട്ടിൽനിന്ന് മാറിനിൽക്കുകയാണ് ഇയാളുടെ പതിവ്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
