മന്ത്രിസഭാ രൂപീകരണ ചർച്ചകൾ സജീവം; പിടിമുറുക്കാൻ കെസി പക്ഷം

News Desk
1 Min Read

തിരുവനന്തപുരം: മന്ത്രിസഭാ രൂപീകരണത്തിനായുള്ള അതിവേഗ ചർച്ചകളിലേക്ക് കോൺഗ്രസ്. ഘടകകക്ഷികളുമായുള്ള വീതംവയ്പ് കഴിയുംവേഗം പൂർത്തിയാക്കി ഇന്നുതന്നെ കോ‍ൺഗ്രസ് മന്ത്രിമാരെക്കുറിച്ചുള്ള ചർച്ച തുടങ്ങാനാണ് ആലോചന. മുഖ്യമന്ത്രിയടക്കം 11 മന്ത്രിമാരും സ്പീക്കറും ഡപ്യൂട്ടി സ്പീക്കറും കോൺഗ്രസിനുണ്ടാകും.

ഏകാംഗ കക്ഷികൾക്ക് ഫുൾടേം നൽകാനാണ് ഇപ്പോൾ ആലോചിക്കുന്നത്. എൽഡിഎഫ് ചെയ്തതു പോലെ ടേം പങ്കിടണമെന്ന ആശയം ചില കോൺഗ്രസ് നേതാക്കൾക്കുണ്ട്. ദീർഘകാലമായി ഒപ്പം നിൽക്കുന്നവർക്ക് അർഹമായ പരിഗണന നൽകണമെന്ന അഭിപ്രായത്തിലാണ് വി.ഡി.സതീശൻ. എഐസിസിയുമായി ചർച്ച ചെയ്താകും തീരുമാനം. ടേം വച്ചു വീതിച്ചാൽ  കോൺഗ്രസ് മന്ത്രിമാരുടെ എണ്ണം കൂടും. പക്ഷേ, അതോടെ ഘടകകക്ഷികൾ ഇടഞ്ഞേക്കാമെന്നും അടുത്ത പ്രശ്നമാകാമെന്നും കോൺഗ്രസിന് കാണേണ്ടി വരും.

ലീഗിന് 5 മന്ത്രിമാർ ഉണ്ടാകാനാണു സാധ്യത. പി.കെ.കുഞ്ഞാലിക്കുട്ടി, എൻ.ഷംസുദ്ദീൻ, പി.കെ.ബഷീർ എന്നിവർ ഉറപ്പിച്ചു. ബാക്കി 2 മന്ത്രിസ്ഥാനങ്ങളിലേക്ക് കെ.എം.ഷാജി, പാറയ്ക്കൽ അബ്ദുല്ല, എം.കെ.എം.അഷ്റഫ് എന്നിവരാണു പരിഗണനയിലുള്ളത്. മുൻ യുഡിഎഫ് സർക്കാരുകളിൽ കൈകാര്യം ചെയ്ത വകുപ്പുകൾ വേണമെന്നും പാർട്ടിക്ക് അഭിപ്രായമുണ്ട്. യുഡിഎഫിലെ ഉഭയകക്ഷി ചർച്ചകൾക്കു ശേഷമായിരിക്കും അന്തിമ തീരുമാനം.

കേരള കോൺഗ്രസിൽനിന്ന് മോൻസ് ജോസഫ് മന്ത്രിയാകും. 2 മന്ത്രിസ്ഥാനം ചോദിച്ചിട്ടുണ്ടെങ്കിലും ചീഫ് വിപ് സ്ഥാനംകൂടി നൽകാനാണ് കോൺഗ്രസ് ആലോചിക്കുന്നത്. ആർഎസ്പിയിൽനിന്ന് ഷിബു ബേബി ജോൺ മന്ത്രിസഭയിലെത്തും. അനൂപ് ജേക്കബ് (കേരള കോൺഗ്രസ്–ജേക്കബ്), സി.പി.ജോൺ (സിഎംപി), മാണി സി.കാപ്പൻ (കെഡിപി) എന്നിവരാകും മറ്റു മന്ത്രിമാർ. യുഡിഎഫിന് പുറത്തുനിന്ന് മുന്നണിയുമായി സഹകരിക്കുന്ന കെ.കെ.രമ വ്യക്തിപരമായി താൽപര്യമില്ലെന്ന നിലപാടിലാണ്. മന്ത്രിസ്ഥാനം ചോദിക്കണമെന്ന അഭിപ്രായം ആർഎംപിയിലുണ്ട്. ഘടകകക്ഷി അല്ലാത്തതിനാൽ അവരുടെ കാര്യം ഉറപ്പില്ല.

കോൺഗ്രസിൽനിന്ന് സണ്ണി ജോസഫ്, കെ.മുരളീധരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി.സി.വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, എം.ലിജു, ടി.സിദ്ദിഖ്, അൻവർ സാദത്ത്, ഷാനിമോൾ ഉസ്മാൻ, റോജി എം.ജോൺ, ചാണ്ടി ഉമ്മൻ, മാത്യു കുഴൽനാടൻ, എ.പി.അനിൽകുമാർ, വി.പി.സജീന്ദ്രൻ, ഐ.സി.ബാലകൃഷ്ണൻ, വി.ടി.ബൽറാം തുടങ്ങിയ പേരുകൾ സജീവ ചർച്ചകളിലുണ്ട്. ജില്ലാ, സമുദായ പ്രാതിനിധ്യം പരിഗണിക്കുമ്പോൾ ആർക്കെല്ലാം നറുക്ക് വീഴുമെന്നത് നിർണായകമാണ്.  

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!