തിരുവനന്തപുരം∙ അമ്പൂരിയില്‍ വിവാഹവാര്‍ഷിക ആഘോഷത്തിനിടെ മകന് അച്ഛനെ കസേര കൊണ്ട് അടിച്ചു കൊന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം. കുരുവിക്കോണം സ്വദേശി തോമസ് എബ്രഹാം (62) ആണ് കൊല്ലപ്പെട്ടത്.
മകന് ഷാനുവിനെ വെള്ളറട പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിലുണ്ടായ സംഘര്‍ഷത്തിനിടെ കുത്തേറ്റ അമ്മാവന് വര്‍ഗീസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഷാനുവിന്റെ വിവാഹവാര്‍ഷിക ദിവസമായിരുന്ന ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവമുണ്ടായത്. ആഘോഷത്തിന്റെ ഭാഗമായി മദ്യപാനമുണ്ടായിരുന്നു. ഇതിനിടെ ഷാനുവും ഭാര്യയും തമ്മില്‍ വാക്കേറ്റമുണ്ടായി. ഷാനുവിന്റെ അമ്മയും അമ്മാവനും ചേര്‍ന്ന് ഇരുവരെയും നിയന്ത്രിക്കാന്‍ ശ്രമിച്ചു.
ഇതിനിടെയാണ് ഷാനു വര്‍ഗീസിനെ കത്തി ഉപയോഗിച്ചു കുത്തിയത്. ബഹളം കേട്ടെത്തിയ എബ്രഹാം ഷാനുവിനെ പിടിച്ചുമാറ്റാന്‍ നോക്കി. ഈ സമയത്ത് ഷാനു കസേരയെടുത്ത് പിതാവിന്റെ തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. തോമസിനെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം കാരക്കോണം ആശുപത്രിയിലേക്ക് മാറ്റി.

