അമരാവതി: ആന്ധ്രപ്രദേശിലെ സ്കൂളിൽ പത്താംക്ലാസുകാരിയെ യന്ത്രവാൾ ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച് ഇരുപത്തൊന്നുകാരൻ. പെൺകുട്ടിക്ക് ഗുരുതരമായി പരുക്കേറ്റു. കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച മറ്റൊരു വിദ്യാർഥിനിക്കും പരുക്കേറ്റു.
അനന്തപുർ ജില്ലയിലെ രപ്തഡു മണ്ഡലിൽ ജില്ലാ പരിഷദ് ഹൈസ്കൂളിൽ ശനിയാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. ശ്രീ സത്യസായ് ജില്ലയിലെ ധർമവരം നഗലൂർ സ്വദേശി ഹേമന്ത് എന്ന ദുമ്മു ആണ് പെൺകുട്ടിയെ ആക്രമിച്ചത്. ഇയാൾ കുട്ടിയുടെ ബന്ധുവാണെന്നാണ് വിവരം.
രാവിലെ ക്ലാസ് തുടങ്ങുന്നതിനു മുൻപ് ക്ലാസ്മുറിയിലേക്ക് അതിക്രമിച്ചു കയറിയ ഹേമന്ത് പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ മുഖത്തും കഴുത്തിലും പുറത്തും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. മറ്റ് വിദ്യാർഥികൾ അലറിവിളിച്ച് കരഞ്ഞിട്ടും ഹേമന്ത് പെൺകുട്ടിയെ ഉപദ്രവിക്കുന്നത് തുടർന്നു.
ഇതിനിടെ മറ്റൊരു വിദ്യാർഥിനി കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പരുക്കേറ്റു. രക്തത്തിൽ കുളിച്ചു കിടന്ന പെൺകുട്ടിയെ ഉപേക്ഷിച്ച് ഹേമന്ത് സ്കൂളിൽനിന്ന് പുറത്തുകടന്നതിനുശേഷമാണ് സ്കൂൾ അധികൃതർക്ക് ക്ലാസ്‌മുറിയിലെത്താനായതെന്നും പൊലീസ് പറഞ്ഞു. പ്രതിയെ പിന്നീട് ധർമവരം റെയിൽവേ സ്റ്റേഷനിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന്റെ കാരണം അറിവായിട്ടില്ല.
സ്കൂൾ അധികൃതർ അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയാണ് കുട്ടിയെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയത്. പെൺകുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയെന്നും വിദഗ്ധ ചികിത്സയ്ക്കായി എയർ ആംബുലൻസിൽ ബെംഗളൂരുവിലേക്ക് മാറ്റുമെന്നും അധികൃതർ പറഞ്ഞു. കൊലപാതകശ്രമത്തിന് കേസെടുത്തതായി പൊലീസ് പറഞ്ഞു. ആന്ധ്ര മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി. കുട്ടിക്ക് ഏറ്റവും മികച്ച ചികിത്സ നൽകാൻ നിർദേശം നൽകിയതായി അദ്ദേഹം പറഞ്ഞു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
