കോട്ടയം: പതിമൂന്നാം മൈലിൽ സ്വകാര്യ ബസിൽ സ്കൂട്ടർ ഇടിച്ച് 2 യുവതികൾ മരിച്ചു. പാമ്പാടി ഫാ. കുര്യാക്കോസ് കടവും ഭാഗത്തിന്റെ ഇളയ മകൾ കൃപ മെറീൻ കുര്യൻ (25), മീനടം വട്ടക്കാവുങ്കൽ വീട്ടിൽ തോമസിന്റെ മകൾ ആഷ്ലി ആൻ തോമസ് (22) എന്നിവരാണ് മരിച്ചത്. പൊൻകുന്നം ഭാഗത്തേക്ക് പോകുകയായിരുന്നു യുവതികൾ. കട്ടപ്പനയിൽനിന്ന് കോട്ടയം ഭാഗത്തേക്ക് വരികയായിരുന്നു ബസ്. സ്കൂട്ടർ നിയന്ത്രണം വിട്ട് ബസിൽ ഇടിക്കുകയായിരുന്നു.
ഇന്ന് രാവിലെ 9 മണിയോടെ കോത്തല 13 മൈൽ ജംക്ഷനു സമീപമാണ് അപകടമുണ്ടായത്. ആഷ്ലിയുടെ വാഹനത്തിലാണ് ഇരുവരും സഞ്ചരിച്ചത്. സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് എതിരെ വന്ന ബസിനടിയിലേക്ക് ഇരുവരും തെറിച്ചു വീഴുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. റോഡരികിൽ നിന്നിരുന്ന വഴിയാത്രക്കാരനെ ഇടിക്കാതിരിക്കാനായി മുൻപേ പോയ കാർ ബ്രേക്ക് ചെയ്തപ്പോഴാണ് അപകടമെന്ന് ദൃക്സാഷികൾ പറയുന്നു.
പിന്നാലെ എത്തിയ കാറും ബ്രേക്ക് ചെയ്തു. ഇതിനിടയിലാണ് ഏറ്റവും പിന്നിലായെത്തിയ സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്. ഓസ്ട്രേലിയയിൽ എംഎസ് ഡബ്ല്യു പഠനം പൂർത്തീകരിച്ച് നാട്ടിലെത്തിയതായിരുന്നു കൃപ. മാർച്ചിൽ കോൺവെക്കേഷൻ നടക്കാനിരിക്കുകയായിരുന്നു. ആഷ്ലി ബെംഗളൂരുവിൽനിന്ന് ബിരുദാനന്തര ബിരുദം നേടിയിരുന്നു. ഇരുവരും സ്കൂളിൽ സഹപാഠികൾ ആയിരുന്നു. നാട്ടിലെത്തുമ്പോൾ ഒന്നിച്ച് പോകാറുണ്ടായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. സംസ്കാരം പിന്നീട്.
..
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
