ലോഡ്ജ് കേന്ദ്രീകരിച്ച് പെൺവാണിഭം; നാലുപേർ അറസ്റ്റിൽ

News Desk
1 Min Read

കൊച്ചി: ചെറായി ബീച്ച് റോഡിൽ കെട്ടിടം വാടകയ്ക്കെടുത്ത് പെൺവാണിഭകേന്ദ്രം നടത്തിയ കേസിൽ നാലുപേർ അറസ്റ്റിൽ. ചെറായി സ്വദേശികളായ മരോട്ടിക്കൽ വീട്ടിൽ ഹരി (55), ഇരുപതിൽപറമ്പിൽ വീട്ടിൽ രമേശ് (49), വെച്ചിലേടത്ത് വീട്ടിൽ സുമേഷ് (42), വലിയതറ വീട്ടിൽ പ്രേംനാഥ് (50) എന്നിവരെയാണ് മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുള്ളതായാണ് വിവരം.

ചെറായി മർച്ചന്റ്സ് അസോസിയേഷൻ കെട്ടിടത്തിലെ മലയാളീസ് ലോഡ്ജ് കേന്ദ്രീകരിച്ചാണ് പെൺവാണിഭകേന്ദ്രം പ്രവർത്തിച്ചിരുന്നത്. രഹസ്യവിവരത്തെ തുടർന്ന് ശനിയാഴ്ച വൈകിട്ട് പൊലീസ് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. മുൻപും ഇവർ ചെറായി ബീച്ച് റോഡിൽ വീട് വാടകയ്ക്കെടുത്ത് സമാന രീതിയിൽ പെൺവാണിഭകേന്ദ്രം നടത്തിയിരുന്നതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

സ്ത്രീകളെ ലോഡ്ജിലെത്തിച്ച് ഇടപാടുകാരെ ഏർപ്പാടാക്കി പണം ഈടാക്കുകയായിരുന്നു ഇവരുടെ രീതി. ഇടപാടുകാരിൽ നിന്ന് 2000 രൂപ വീതം വാങ്ങി അതിൽ 1000 രൂപ സ്ത്രീകൾക്ക് നൽകി ബാക്കി തുക പ്രതികൾ വീതിച്ചെടുക്കുകയായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു.

ശനിയാഴ്ച വൈകിട്ട് 5.40ഓടെ ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്. വൈകിട്ട് 6.30ഓടെ ലോഡ്ജിലെത്തിയ സംഘം വിവിധ മുറികളിൽ പരിശോധന നടത്തി. സ്ത്രീകളെയും ഇടപാടുകാരെയും കണ്ടെത്തിയതിന് പിന്നാലെ പ്രതികളെ അറസ്റ്റ് ചെയ്തു. സ്ഥാപനത്തിൽനിന്ന് പണവും മറ്റ് തെളിവുകളും പിടിച്ചെടുത്തു.

ലോഡ്ജ് നടത്തിപ്പുകാരനും ജീവനക്കാരും ചേർന്നാണ് പെൺവാണിഭകേന്ദ്രം നടത്തിയിരുന്നത്. അനാശാസ്യ പ്രവർത്തനങ്ങൾ തടയുന്നതിനുള്ള നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഞാറയ്ക്കൽ ഇൻസ്പെക്ടർ കെ കെ ഷെബാബിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!