എസ്‍ഡിപിഐ പ്രവർത്തകൻ സൈനുൽ ആബിദ് വധക്കേസ്: ആർ.എസ്.എസ് പ്രവർത്തകരടക്കം മുഴുവൻ പ്രതികളെയും വെറുതെ വിട്ടു

News Desk
1 Min Read

കാസർകോട്: തളങ്കരയിലെ എസ്‍ഡിപിഐ പ്രവർത്തകനായിരുന്ന സൈനുൽ ആബിദ് വധക്കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു. ജില്ലാ അഡീഷനൽ സെഷൻസ് കോടതിയുടെതാണ് നടപടി.

ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകരായ ഉദയൻ, പ്രശാന്ത്, മഹേഷ്, അനി എന്ന അനിൽകുമാർ ഉൾപ്പെടെ 21 പേരെയാണ് വെറുത വിട്ടത്. കേസിലെ എട്ടാം പ്രതിയായ ജ്യോതിഷിനെ വിചാരണക്കിടെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. 2014 ഡിസംബർ 22ന് രാത്രിയാണ് കാസർകോട് പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ കടയിൽ പിതാവിന്റെ കൺമുന്നിലിട്ട് സൈനുൽ ആബിദിനെ വെട്ടിക്കൊന്നത്.

സൈനുല്‍ ആബിദിന്റെ പിതാവ് കെ.എ. മുഹമ്മദ് കുഞ്ഞിയുടെ ഉടമസ്ഥതയിലുള്ള കട അടക്കാനായി സാധനങ്ങള്‍ അടുക്കിവെക്കുന്നതിനിടെ രാത്രി 10 മണിയോടെ കടയിലെത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മുന്നിലിട്ട് യുവാവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കേസിലെ പ്രധാന സാക്ഷിയായിരുന്നു ആബിദിന്‍റെ പിതാവ് മുഹമ്മദ് കുഞ്ഞി രണ്ടു വർഷം മുമ്പ് കർണാടകയിൽ നടന്ന ഒരു വാഹനാപകടത്തിൽ മരിച്ചു.

വ്യക്തിവിരോധമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നത്. സെഷൻസ് കോടതി വിധിക്കെതിരെ മേൽകോടതിയെ സമീപിക്കുമെന്ന് സൈനുൽ ആബിദിന്‍റെ ബന്ധുക്കൾ പറഞ്ഞു.

വിധി പകർപ്പ് ലഭിച്ചശേഷം പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രോസിക്യൂഷൻ പ്രതികരിച്ചു. ഹൈകോടതിയിൽ അപ്പീൽ നൽകും. കേസിലെ ദൃക്സാക്ഷിയായ സൈനുൽ ആബിദീന്‍റെ പിതാവിനെ ആശ്രയിച്ചാണ് കേസ് മുന്നോട്ടുപോയത്. പ്രതികളെ തിരിച്ചറികയും ചെയ്തിരുന്നു. കുറ്റപത്രം സമർപ്പിച്ചതിനു പിന്നാലെയാണ് പിതാവ് ഒരു അപകടത്തിൽ മരിക്കുന്നത്. പിന്നെ സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിൽ മാത്രമേ കേസ് മുന്നോട്ടു കൊണ്ടുപോകാനാകൂ. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കോടതി വിധി പറഞ്ഞതെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.
….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!