‘ഹാജരാകണം’; പിണറായിയുടെ വീട്ടിൽ നേരിട്ടെത്തി ഇ.ഡി.ഉദ്യോഗസ്ഥർ, നോട്ടീസ് ഭിത്തിയിലൊട്ടിച്ചു

News Desk
2 Min Read

തിരുവനന്തപുരം: സിഎംആർഎൽ-എക്‌സാലോജിക് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ ഇ.ഡി ഉദ്യോഗസ്ഥരെത്തി. സമൻസ് കൈമാറാനായാണ് തിരുവനന്തപുരത്തെ വീട്ടിൽ ഉദ്യോഗസ്ഥരെത്തിയത്. എന്നാൽ പിണറായി വിജയൻ വീട്ടിലില്ലാത്തതിനാൽ സമൻസ് ഭിത്തിയിൽ പതിച്ചു. വെള്ളിയാഴ്ച ഇ.ഡി ഓഫീസിൽ ഹാജരാവണമെന്നാണ് സമൻസിൽ നിർദേശിച്ചിരിക്കുന്നത്. മുൻമന്ത്രി വി ശിവൻകുട്ടി ഉൾപ്പെടെയുള്ള നേതാക്കൾ പിണറായിയുടെ വീട്ടിലുണ്ടായിരുന്നു. 

പിണറായി കണ്ണൂരിലാണുള്ളതെന്ന് വി ശിവൻകുട്ടി വ്യക്തമാക്കി. കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണുള്ളത്. അതിനിടയിൽ ഇ.ഡി ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത് ശരിയായ കാര്യമല്ല. ഈ നടപടി അന്യായവും ജനാധിപത്യ വിരുദ്ധവുമായ കാര്യമാണ്. പിണറായി വിജയൻ കണ്ടുകിട്ടാത്ത ആളെ പോലെയാണ് ഇ.ഡിയുടെ നടപടി. രാവിലെ ഒരുതവണ ഇ.ഡി ഉദ്യോഗസ്ഥരെത്തിയിരുന്നു. രണ്ടാമത് വീണ്ടുമെത്തി. മൂന്നാമത് എത്തിയപ്പോഴാണ് നിർബന്ധപൂർവം ഭിത്തിയിൽ സമൻസ് ഒട്ടിച്ചത്. മൂന്ന് പോലീസുകാരാണ് ഇതിന് സാക്ഷിയായി നിന്നത്. സർക്കാരും ഇതിന് കൂട്ടുനിൽക്കുന്നുവെന്നാണ് മനസ്സിലാവുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ഇ.ഡി. കേസിന് ആധാരമായ വിജിലൻസ് എഫ്.ഐ.ആർ. ചോദ്യംചെയ്ത് പിണറായി വിജയൻ അടക്കമുള്ളവർ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നതിനിടെയാണ് ഇ.ഡിയുടെ സമൻസ്. ചോദ്യംചെയ്യൽ കണക്കിലെടുത്ത് 23-ന് കൊച്ചി ഇ.ഡി. ഓഫീസിന്റെ സുരക്ഷ കൂട്ടാൻ സി.ഐ.എസ്.എഫിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കേസിൽ പിണറായി വിജയനുപുറമേ മകൾ ടി. വീണയടക്കം ഏഴുപേർ പ്രതിപ്പട്ടികയിലുണ്ടെങ്കിലും പിണറായിക്കുമാത്രമാണ് സമൻസ് നൽകിയത്. ഔദ്യോഗികപദവി ദുരുപയോഗം ചെയ്ത്, സ്വന്തമായും മകൾ ടി. വീണയ്ക്കും അവരുടെ കമ്പനിക്കും നിയമവിരുദ്ധമായ സാമ്പത്തിക നേട്ടമുണ്ടാക്കാൻ അഴിമതി നടത്തിയെന്നാണ് കേസ്.

2016 ഓഗസ്റ്റുമുതൽ 2020 ജൂൺവരെയുള്ള കാലയളവിൽ കൺസൾട്ടൻസിയുടെയും അനുബന്ധസേവന കരാറുകളുടെയും മറവിൽ പിണറായി വിജയന് മകൾ ടി. വീണ വഴി സി.എം.ആർ.എൽ. കമ്പനി 3.28 കോടി രൂപ കൈക്കൂലി നൽകിയെന്നാണ് ഇ.ഡി. കേസ്.

പിണറായിയുമായുള്ള വ്യക്തിബന്ധത്തിന്റെ പേരിലായിരുന്നു വീണയ്ക്കും അവരുടെ കമ്പനിക്കും പണം നൽകിയതെന്ന് സി.എം.ആർ.എൽ. സ്ഥാപക എം.ഡി. എസ്.എൻ. ശശിധരൻ കർത്ത 2024 ഏപ്രിൽ 17-ന് ഇ.ഡി.ക്ക് മൊഴി നൽകിയിരുന്നു. കമ്പനിയുടെ അന്നത്തെ ചീഫ് ഫിനാൻസ് ഓഫീസറായിരുന്ന പി. സുരേഷ് കുമാറിന്റെ മൊഴിയിലും പിണറായിയുടെ പേരുണ്ട്.

സുപ്രീംകോടതിയെ സമീപിച്ചിട്ടുള്ളതിനാൽ 23-ന് ഹാജരായേക്കില്ലെന്ന് അഭ്യൂഹമുണ്ട്. കേസ് സുപ്രീംകോടതി ഈ ദിവസങ്ങളിൽ പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. സുപ്രീംകോടതിയിൽനിന്ന് അനുകൂല വിധിയുണ്ടായില്ലെങ്കിൽ വിജിലൻസിന്റെ എഫ്.ഐ.ആർ. റദ്ദാക്കാൻ വിജിലൻസ് കോടതിയെയോ ഹൈക്കോടതിയെയോ സമീപിക്കാനും സാധ്യതയുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!