റിയാദ്: കിഴക്കൻ പ്രവിശ്യയിൽ ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട അഞ്ച് സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി ആഭ്യന്തര മന്ത്രാലയം. വിദേശ ഭീകരസംഘടനയിൽ ചേർന്ന്, സുരക്ഷാ ഉദ്യോഗസ്ഥർക്കും വാഹനങ്ങൾക്കും നേരെ പലതവണ വെടിവെക്കാൻ ശ്രമിച്ചെന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്.
ഇവർ ആയുധങ്ങളും വെടിയുണ്ടകളും കൈവശം വെച്ചതായും രാജ്യത്തിനകത്ത് ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിനും നടപ്പാക്കുന്നതിനും സാമ്പത്തിക സഹായം നൽകിയതായും മന്ത്രാലയം വ്യക്തമാക്കി.
മുഹമ്മദ് ബിൻ മുനീർ ബിൻ മുഹമ്മദ് അൽ സാഹിർ, അലി ബിൻ അബ്ദുർറബ് അൽ ഹുസൈൻ അൽ ഷെയ്ഖ്, ഹസൻ ബിൻ സകി ബിൻ മുഹമ്മദ് അൽ ഫർജ്, റിദാ ബിൻ മുഹമ്മദ് ബിൻ അലി ആൽ അബൂ അബ്ദുല്ല, അലി ബിൻ ഹസൻ ബിൻ അഹമ്മദ് ആൽ റബ്ഹ് എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. സുരക്ഷാ ഏജൻസികൾ ഇവരെ അറസ്റ്റ് ചെയ്തതിനെത്തുടർന്നുള്ള അന്വേഷണത്തിലാണ് കുറ്റങ്ങൾ ചുമത്തിയത്.
തുടർന്ന് വിചാരണ കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു. അപ്പീൽ കോടതിയും സുപ്രീം കോടതിയിലും വിധി ശരിവെക്കുകയും തുടർന്ന് രാജകീയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ശിക്ഷ നടപ്പാക്കുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
