വിവാഹത്തിനായി നാട്ടില്‍ എത്താനിരുന്ന യുവാവ് ഉള്‍പ്പെടെ രണ്ട് മലയാളികള്‍ മരിച്ചു

News Desk
1 Min Read

അബൂദാബി: യുഎഇയില്‍ വെവ്വേറെ സംഭവങ്ങളിലായി എറണാകുളം, മലപ്പുറം സ്വദേശികളായ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. ഫുജൈറയിലുണ്ടായ വാഹനാപകടത്തില്‍ മൂവാറ്റുപുഴ സ്വദേശിയും, അല്‍ ഐനില്‍ തിരൂര്‍ സ്വദേശിയായ ഫാര്‍മസിസ്റ്റുമാണ് മരണപ്പെട്ടത്.

ഫുജൈറ സിറ്റി സെന്ററിലെ അല്‍ ബെയ്ക് കൗണ്ടറില്‍ സെയില്‍സ്മാനായി ജോലി ചെയ്തിരുന്ന എറണാകുളം മൂവാറ്റുപുഴ മാറാടി സ്വദേശി റസ്വിന്‍ റഷീദ് തെള്ളിക്കുന്നേല്‍ (24) ആണ് വാഹനാപകടത്തില്‍ മരിച്ചത്.

ഡ്യൂട്ടി ഷിഫ്റ്റ് കഴിഞ്ഞ് ഇലക്ട്രിക് സ്‌കൂട്ടറില്‍ മടങ്ങവേ കാര്‍ ഇടിച്ചായിരുന്നു അപകടം. വരുന്ന നവംബറില്‍ വിവാഹം നിശ്ചയിച്ചിരുന്ന റസ്വിന്‍, ഏതാനും ദിവസങ്ങള്‍ക്കകം അവധിയില്‍ നാട്ടിലേക്ക് പോകാനിരിക്കെയാണ് ദാരുണാന്ത്യം സംഭവിച്ചത്. പരേതനായ റഷീദാണ് പിതാവ്. മാതാവ്: സീനത്ത്. സഹോദരങ്ങള്‍: റമീസ്, ഫിദ. മൃതദേഹം ഫുജൈറ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

മലപ്പുറം തിരൂര്‍ തലക്കടത്തൂര്‍ ഇടയ്ക്കങ്ങാട്ടില്‍ പരേതനായ അബ്ദുറഹ്‌മാന്‍ ഹാജിയുടെ മകന്‍ മുഹമ്മദ് ഇബ്രാഹിം (48) ആണ് അല്‍ ഐനില്‍ മരിച്ചത്. അല്‍ ഐന്‍ ഇംപീരിയല്‍ കോളജ് ലണ്ടന്‍ ഡയബറ്റിക് സെന്ററിലെ ഫാര്‍മസിസ്റ്റായിരുന്നു ഇദ്ദേഹം. വ്യാഴാഴ്ച ഡ്യൂട്ടി കഴിഞ്ഞ് റൂമിലേക്ക് മടങ്ങിയ ഇദ്ദേഹം വെള്ളിയാഴ്ച ജോലിക്ക് എത്താതിരുന്നതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുന്‍പ് അല്‍ ഐന്‍ തവാം ആശുപത്രിയിലും ഫാര്‍മസിസ്റ്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാതാവ്: ആയിശുമ്മു. ഭാര്യ: ബുഷറ. മക്കള്‍: മുനീബ്, ഹുദ, മുഹ്‌സിന്‍. സഹോദരങ്ങള്‍: മൊയ്തീന്‍ കുട്ടി (അബൂദാബി), മുജീബ് റഹ്‌മാന്‍ (ദുബായ്), അയ്യൂബ് (അബൂദാബി), ദാവൂദ് (അബൂദാബി), ഹാജറ, സാറ, ഹഫ്‌സത്ത്, ഹസനത്ത്. മൃതദേഹം

അല്‍ ഐന്‍ അല്‍ ജിമി ആശുപത്രി മോര്‍ച്ചറിയിലാണ്. ഇരുവരുടെയും മൃതദേഹങ്ങള്‍ ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!