സഊദി അറേബ്യയിലെ നിലവിലെ പ്രത്യേക സാഹചര്യം; സഊദിയുടെ വിവിധ ഭാഗങ്ങളിലെ കമ്മ്യൂണിറ്റി പ്രതിനിധികളുമായി സംസാരിച്ച് അംബാസിഡർ 

malayalampress
2 Min Read
  • ഇന്ത്യൻ പ്രവാസികൾ സ്ഥിരീകരിക്കാത്ത വാർത്തകളും അഭ്യൂഹങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്നും എംബസി മുന്നറിയിപ്പ്

റിയാദ്: സഊദി അറേബ്യയിലെ നിലവിലെ പ്രത്യേക സാഹചര്യത്തിൽ നിലവിൽ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും എല്ലാവരും സുരക്ഷക്ക് പ്രാധാന്യം നൽകി അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്നും അംബാസഡർ. സഊദിയുടെ വിവിധ ഭാഗങ്ങളിലെ കമ്മ്യൂണിറ്റി പ്രതിനിധികളുമായി സംസാരിക്കുകയായിരുന്നു അംബാസിഡർ വിപുൽ. ഇന്ത്യൻ സമൂഹം പരിഭ്രാന്തരാകരുതെന്നും ഔദ്യോഗിക വിവരങ്ങളും നിർദേശങ്ങളും മാത്രം പിന്തുടരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. റിയാദിലെ ഇന്ത്യൻ എംബസി കോൺഫറൻസ് ഹാളിൽ വിളിച്ചുചേർത്ത കമ്മ്യൂണിറ്റി നേതാക്കളുടെയും വളണ്ടിയർമാരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യൻ പ്രവാസികൾ സ്ഥിരീകരിക്കാത്ത വാർത്തകളും അഭ്യൂഹങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുത്. എംബസിയും സഊദി അധികൃതരും നൽകുന്ന ഔദ്യോഗിക അറിയിപ്പുകൾ മാത്രം ആശ്രയിക്കണമെന്നും അനാവശ്യ ആശങ്ക സൃഷ്ടിക്കുന്ന സന്ദേശങ്ങൾ പങ്കുവെക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

സഹായവും മാർഗനിർദേശവും ലഭ്യമാക്കുന്നതിനായി റിയാദിലെ ഇന്ത്യൻ എംബസിയിലും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളും ഹെൽപ് ഡെസ്കുകളും ആരംഭിച്ചിട്ടുണ്ട്. ടോൾ ഫ്രീ നമ്പറുകൾ, ടെലിഫോൺ, വാട്ട്‌സ്ആപ്പ് എന്നിവയിലൂടെ സഹായത്തിനായി ബന്ധപ്പെടാം.

കൺട്രോൾ റൂമുകളിലേക്ക് ലഭിക്കുന്ന കോളുകൾ സ്വീകരിക്കുക, വിളിക്കുന്നവരുടെ വിവരങ്ങളും ആവശ്യങ്ങളും കൃത്യമായി രേഖപ്പെടുത്തുക, ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തുക തുടങ്ങിയ പ്രവർത്തനങ്ങളിൽ വളണ്ടിയർമാർ സഹകരിക്കും. ഇന്ത്യൻ സമൂഹത്തിന് ഔദ്യോഗിക വിവരങ്ങൾ എത്തിക്കുന്നതിലും ആവശ്യമായ സഹായങ്ങൾ ഏകോപിപ്പിക്കുന്നതിലും കമ്മ്യൂണിറ്റി നേതാക്കളുടെയും വളണ്ടിയർമാരുടെയും പങ്കാളിത്തം യോഗത്തിൽ ചർച്ച ചെയ്തു. എംബസിയുടെയും കോൺസുലേറ്റിന്റെയും പ്രവർത്തനങ്ങൾക്ക് പൂർണ സഹകരണം നൽകുമെന്ന് കമ്മ്യൂണിറ്റി പ്രതിനിധികൾ അറിയിച്ചു.

അംബാസഡർ വിപുലിനൊപ്പം ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ബഷീർ അഹമ്മദ്, കമ്മ്യൂണിറ്റി വെൽഫെയർ കൗൺസിലർ വൈ. സാബിർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

റിയാദിലെ ഇന്ത്യൻ എംബസിയുടെ 24 മണിക്കൂർ ഹെൽപ്‌ലൈനിലേക്ക് ടോൾ ഫ്രീ നമ്പറായ 800 247 1234, ടെലിഫോൺ നമ്പറുകളായ +966 55 441 2016, +966 54 212 6784, വാട്ട്‌സ്ആപ്പ് നമ്പറായ +966 53 621 6082 എന്നിവയിൽ ബന്ധപ്പെടാം. ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ 24 മണിക്കൂർ ഹെൽപ്‌ലൈനിലേക്ക് ടോൾ ഫ്രീ നമ്പറായ 800 244 0003, ലാൻഡ്‌ലൈൻ നമ്പറായ +966 12 261 4093, മൊബൈൽ നമ്പറായ +966 55 612 2301, വാട്ട്‌സ്ആപ്പ് നമ്പറായ +966 53 620 9704 എന്നിവയിൽ ബന്ധപ്പെടാം

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!